ദിലീപ് നായകനായ പ്രൊഫസര്‍ ഡിങ്കന് എന്ന ചിത്രം ഡിങ്കോയിസ്റ്റുകാരുടെ വികാരം വ്രണപ്പെടുത്തിയെന്ന ട്രോളുകള്‍ക്ക് പിന്നാലെ പ്രതിഷേധവുമായി ഡിങ്കോയിസ്റ്റുകള്‍ തെരുവില്‍. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന് മുന്നിലാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഡിങ്കമതവിശ്വാസികള്‍ എത്തിയത്.
ഡിങ്കമതത്തെ സംരക്ഷിക്കാന്‍ മൂഷിക സേന എന്ന പേരില്‍ ഫേസ് ബുക്ക് പേജും ഡിങ്കോയിസ്റ്റുകള്‍ തുടങ്ങിയരുന്നു. ദിലീപേട്ടന്റെ പുട്ടുകടയില്‍ കപ്പക്കിഴങ്ങും തേങ്ങാപ്പൂളും ഇല്ലാതെ കാര്യങ്ങള്‍ നടക്കില്ലേ തുടങ്ങി നിരവധി രസികന്‍ ട്രോളുകള്‍. ഡിങ്കനും ഡിങ്കമതത്തിനും എതിരായ ആക്രമണം നേരിടാനുള്ള സേന എന്ന നിലയിലാണ് മൂഷിക സേനയെ വിശേഷിപ്പിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ ഹാസ്യാവിഷ്കാര വിദഗ്ധരാണ് പരമ്പരാഗത മതങ്ങളുടെ അസഹിഷ്ണുതയും ആക്രമണ ഭാവവും മാതൃകയായിക്കി ഹാസ്യാനുകരണമെന്ന നിലയില്‍ പ്രതികരിക്കുന്നത്. പരമ്പരാഗത മതങ്ങളുടെയും വിശ്വാസങ്ങളുടെ അയുക്തികത ചൂണ്ടിക്കാട്ടുന്നതിനായി സോഷ്യല്‍ മീഡിയയില്‍ രൂപമെടുത്ത കൂട്ടായ്മയാണ് ഡിങ്കമതം. ബാലമംഗളത്തിലൂടെ സുപരിചിതമായ ഡിങ്കന് എന്ന കോമിക് സൂപ്പര്‍ഹീറോയെ ദൈവമായി പ്രഖ്യാപിച്ചാണ് ഡിങ്കോയിസ്റ്റുകളുടെ ഇടപെടല്‍. എല്ലാ മതത്തെയും പോലെ ഡിങ്കമതത്തിനും വികാരം ഉണ്ടെന്ന് പറയാന്‍ പറഞ്ഞുവെന്നും പ്ലക്കാര്‍ഡുകളിലുണ്ട്.
പ്രൊഫസര്‍ ഡിങ്കന് എന്ന് സിനിമയ്ക്ക് പേരിട്ടതിലൂടെ ഡിങ്കമതവികാരം വ്രണപ്പെട്ടെന്ന രീതിയില്‍ ദിലീപിന്റെ ഒഫീഷ്യല്‍ പേജിലും ആക്ഷേപഹാസ്യരൂപത്തിലുള്ള കമന്റുകള്‍ നിറഞ്ഞിട്ടുണ്ട്. മതവും വിശ്വാസവും ബന്ധപ്പെട്ട് കലാസൃഷ്ടികളിലും പരാമര്‍ശമുണ്ടാകുമ്പോള്‍ വിശ്വാസികള്‍ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനെ ട്രോള്‍ ചെയ്ത് ഡിങ്കോയിസ്റ്റുകളുടെ സ്പൂഫ് പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ആദ്യസംവിധാന സംരംഭമാണ് പ്രൊഫസര്‍ ഡിങ്കന്. ത്രീഡി രൂപത്തിലെത്തുന്ന ചിത്രം സനല്‍ തോട്ടമാണ് നിര്‍മ്മിക്കുന്നത്. സംവിധായകന് റാഫിയാണ് തിരക്കഥ. ദിലീപ് ആദ്യമായാണ് ഒരു ത്രീഡി ചിത്രത്തില്‍ നായകനാകുന്നത്. മജീഷ്യന്‍ മുതുകാടും ചിത്രത്തിലുണ്ട്.