ആലുവ പ്രസന്നപുരം പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. സിറോ മലബാര്‍ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെയായിരുന്നു പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്.
വികാരി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ ഇടയലേഖനം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം വിശ്വാസികള്‍ മൈക് എടുത്തു മാറ്റി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഇടയലേഖനം കത്തിച്ചു. സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നത് വിശദീകരിച്ചുകൊണ്ടുള്ള ഇടയലേഖനമാണ് പള്ളികളില്‍ വായിച്ചത്. മാര്‍പ്പാപ്പയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുര്‍ബാനയില്‍ ഏകീകൃത രീതി നടപ്പാക്കുന്നതെന്ന് ഇടയലേഖനത്തില്‍ പറയുന്നു.
1934 മുതലുള്ള ആരാധനാക്രമ പരിഷ്‌കരണ ശ്രമങ്ങളും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളിലേക്ക് നല്‍കിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നവംബര്‍ 28 മുതല്‍ പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവുമായ കുര്‍ബാനക്രമം നടപ്പാക്കാനാണ് സിനഡ് തീരുമാനം.
സഭയില്‍ തുടര്‍ന്നു വന്നിരുന്ന രണ്ട് കുര്‍ബാന അര്‍പ്പണ രീതികള്‍ സമന്വയിപ്പിച്ചാണ് ഏകീകൃത രീതി നിശ്ചയിച്ചത്. ആരുടെയെങ്കിലും ജയപരാജയമായി സിനഡ് തീരുമാനങ്ങളെ കാണരുതെന്ന അഭ്യര്‍ഥനയുമുണ്ട്. മാര്‍പ്പാപ്പയുടെ നിര്‍ദേശം അനുസരിക്കാന്‍ മെത്രാന്‍മാരും വൈദികരുമടക്കം ബാധ്യസ്ഥരാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. അതേസമയം, പ്രതിഷേധത്തിന് പിന്നാലെ പള്ളിയില്‍ ഇടയലേഖനം വായിച്ചതായി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ പറഞ്ഞു.
Leave a Reply