സ്വന്തം ലേഖകൻ
ബ്രിസ്റ്റോൾ : ജോർജ് ഫ്ലോയിഡ് മരണത്തിൽ രാജ്യത്ത് പ്രതിഷേധം ഉയരുകയാണ്. ഇന്നലെ നടന്ന പ്രക്ഷോഭത്തിനിടെ പതിനേഴാം നൂറ്റാണ്ടിലെ പ്രമുഖ അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പൊളിച്ചു തുറമുഖത്തേക്ക് വലിച്ചെറിഞ്ഞു. വംശീയ വിരുദ്ധ പ്രക്ഷോഭകർ ബ്രിസ്റ്റലിൽ കോൾസ്റ്റണിന്റെ പ്രതിമ പൊളിച്ചത് തീർത്തും അപമാനകരമാണെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. വാരാന്ത്യത്തിലുടനീളം നടന്ന പ്രകടനങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം, സെൻട്രൽ ലണ്ടനിലെ പോലീസ് വെസ്റ്റ്മിൻസ്റ്റർ നഗരത്തിൽ നിന്ന് പ്രതിഷേധക്കാർ ഒഴിഞ്ഞുപോകുവാനുള്ള ഉത്തരവ് വരെ പുറപ്പെടുവിച്ചു. പ്രതിഷേധം ഗുണ്ടാസംഘം അട്ടിമറിച്ചതായി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ലണ്ടനിലും ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺ , നോട്ടിംഗ്ഹാം, ഗ്ലാസ്ഗോ , എഡിൻബർഗ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലും ഇന്നലെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടി. ലണ്ടനിൽ 12 അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
120 വർഷത്തിലേറെയായി നിലനിന്നിരുന്ന പ്രതിമ പൊളിച്ചുമാറ്റിയതിനെതിരെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തി. പ്രതിമ പൊളിച്ചത് തീർത്തും അപമാനകരമാണെന്ന് പ്രീതി പട്ടേൽ വ്യക്തമാക്കി. 80,000 പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോയ റോയൽ ആഫ്രിക്കൻ കമ്പനിയിലെ അംഗമായിരുന്നു കോൾസ്റ്റൺ. 1721-ൽ അദ്ദേഹത്തിന്റെ മരണശേഷം സ്വത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി. അതിപ്പോഴും ബ്രിസ്റ്റോളിന്റെ തെരുവുകളിലും സ്മാരകങ്ങളിലും കെട്ടിടങ്ങളിലും തെളിഞ്ഞു കാണാം. പതിനേഴാം നൂറ്റാണ്ടിൽ അടിമക്കച്ചവടത്തിന്റെ പിൻബലത്തിൽ കോൾസ്റ്റൺ ധനം സമ്പാദിക്കുകയും പിന്നീട് അതുപയോഗിച്ച് ബ്രിസ്റ്റോളിലെ പാവപ്പെട്ടവർക്കായി സ്കൂളുകളും പള്ളികളും വീടുകളും നിർമ്മിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഏറെകാലമായി വിവാദം സൃഷ്ടിച്ച പ്രതിമ നീക്കം ചെയ്യാനുള്ള അപേക്ഷയിൽ 11,000 പേർ ഒപ്പു വച്ചിരുന്നു. പ്രതിമ താഴെയിറക്കിയ ശേഷം ആളുകൾ നിലത്ത് പ്ലക്കാർഡുകൾ സ്ഥാപിക്കുകയും “നീതിയില്ല, സമാധാനമില്ല”, “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന് ആക്രോശിക്കുകയും ചെയ്തു. പ്രതിമ താഴെയിറക്കിയ ശേഷം അതിന്റെ കഴുത്തിൽ പ്രതിഷേധക്കാർ കാൽമുട്ടുകൊണ്ട് അമർത്തി; അമേരിക്കയിലെ സംഭവം ഓർമിപ്പിക്കും വിധം.
%3