ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ എല്ലാ പരിധിയും വിട്ട് യുകെയിൽ കത്തി പടരുകയാണ്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ നിരന്തരം മാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിക്കുകയാണ്. അനധികൃത കുടിയേറ്റത്തെ കുറിച്ച് പുറത്തു വരുന്ന കണക്കുകളും ഇത്തരം പ്രതിഷേധങ്ങൾക്ക് എരിവ് പകരുന്നതാണ്. ലേബർ പാർട്ടി ജൂലൈ 4- ലെ പൊതു തെരഞ്ഞെടുപ്പിൽ അധികാരമേറ്റതിനുശേഷം യുകെയിൽ ചാനൽ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ ഇന്നലെ ഹോം ഓഫീസ് പുറത്തു വിട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എന്നാൽ കുടിയേറ്റക്കാർ എന്ന് തെറ്റിദ്ധരിച്ച് നിരപരാധികൾ പ്രതിഷേധങ്ങൾക്കും വംശീയ ആക്രമണങ്ങൾക്കും ഇരയാകുന്നതായുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. കുടിയേറ്റക്കാർ എന്ന് തെറ്റിദ്ധരിച്ച് സ്കൗട്ടുകളും ചാരിറ്റി പ്രവർത്തകരും നേരിട്ട ആക്രമണങ്ങൾ നിഷ്കളങ്കമാണെന്ന് കരുതാനാവില്ലെന്ന് റണ്ണിമീഡ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ഷബ്ന ബീഗം പറഞ്ഞു. വംശീയ സമത്വത്തിലും സാമൂഹിക നീതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുകെ ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്കും ചാരിറ്റിയുമാണ് റണ്ണിമീഡ് ട്രസ്റ്റ്. സമീപ ആഴ്ചകളിൽ അഭയാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലുകൾക്ക് പുറത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ വർദ്ധിച്ചുവരികയാണ്. കുടിയേറ്റക്കാർ എന്ന് തെറ്റിദ്ധരിച്ച് ആളുകൾ ആക്രമങ്ങൾക്ക് ഇരയാകുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. വെയിൽസിലെ ഒരു സ്കൗട്ട് ക്യാമ്പിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു . അവിടെ കുടിയേറ്റക്കാരെ പാർപ്പിക്കാൻ സ്ഥലം ഉപയോഗിക്കുന്നുണ്ടെന്ന അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾക്കിടയിൽ കുട്ടികളെ ചിത്രീകരിച്ച് വംശീയ അധിക്ഷേപത്തിന് വിധേയരാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നമ്മൾ വളരെ അപകടകരമായ ഒരു സാഹചര്യത്തിലാണെന്നും സർക്കാർ ഈ വെല്ലുവിളിയെ നേരിടാൻ മുന്നോട്ട് വരേണ്ടതുണ്ടെന്നും ഡോ. ഷബ്ന ബീഗം പറഞ്ഞു.


ഇതിനിടെ എരിതീയിൽ എണ്ണ ഒഴിക്കുന്ന രീതിയിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. തിങ്കളാഴ്ച 474 കുടിയേറ്റക്കാർ എത്തിയതോടെ 50271 പേരാണ് അനധികൃത കുടിയേറ്റക്കാരായി എത്തിയതെന്ന് കാണിക്കുന്ന കണക്കുകൾ ഹോം ഓഫീസ് പുറത്തുവിട്ടു. അനധികൃത കുടിയേറ്റം കുറയ്ക്കുക എന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ലേബർ പാർട്ടിയും പ്രധാനമന്ത്രി കെയർ സ്റ്റാർമറും പുറത്തുവരുന്ന കണക്കുകളുടെ പേരിൽ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. യുകെയിലേക്ക് കടക്കാൻ ബോട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഒരു സ്ത്രീ മരിച്ചതായി ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചിരുന്നു. യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ (ഐഒഎം) കണക്കുകൾ പ്രകാരം ഈ വർഷം ചാനൽ കടക്കാൻ ശ്രമിച്ച് കുറഞ്ഞത് 21 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മനുഷ്യ കടത്തുകാരെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി പറയുമ്പോഴും ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ സർക്കാരിൻറെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഹോം ഓഫീസ് പുറത്തുവിട്ട അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്.