2001 ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം. ഹൈദരാബാദിലെ മൈലാർദേവപ്പള്ളിയിലെ മുന്തിരിത്തോട്ടത്തിലാണ് കൊലപാതകം നടന്നത്. ഹഷ്മാബാദിലെ ഇറച്ചിക്കച്ചവടക്കാരനായിരുന്ന മുഹമ്മദ് ഖ്വാജ(30) ആണ് കൊല്ലപ്പെട്ടത്. ഖ്വാജയുടെ ഉമ്മയും രണ്ട് സഹോദരീ ഭർത്താക്കന്മാരും സുഹൃത്തുമാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
18 വർഷമായി തെളിയാതെ കിടന്ന കൊലക്കേസിലെ പ്രതികളെ പിടികൂടി ഹൈദരാബാദ് പൊലീസ്. മകന്റെ കൊലക്ക് പിന്നിൽ സ്വന്തം അമ്മയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഒടുവിൽ പൊലീസിന് ലഭിച്ചത്. കുടുംബകലഹത്തെത്തുടർന്ന് ഒരു ബന്ധ നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായതും യഥാർഥ പ്രതികളെ പിടികൂടാൻ സഹായിച്ചതും.
പൊലീസ് പറയുന്നതിങ്ങനെ:
രോഗിയായ മസൂദ ബീവിക്ക് മൂന്ന് ആൺമക്കളും അഞ്ചു പെൺമക്കളുമാണുള്ളത്. ഭർത്താവിന്റെ മരണശേഷമാണു മക്കളുടെ കല്യാണം നടത്തിയത്. പക്ഷേ രണ്ടാമത്തെ മകനായ മുഹമ്മദ് ഖ്വാജയുടെ മാത്രം കല്യാണം നടത്താൻ മസൂദ തയാറായില്ല. മദ്യപാനവും ചീട്ടുകളിയും ആയിരുന്നു ഖ്വാജയുടെ പ്രധാനജോലി. ആളുകളെ ഉപദ്രവിക്കുന്ന ശീലവുമുണ്ട്. വീട്ടിലും നാട്ടിലും ആക്രമണകാരിയായ ഖ്വാജ വലിയ ഭാരമായിരുന്നു മസൂദയ്ക്ക്.
ഖ്വാജയുടെ ആക്രമണങ്ങൾ വീട്ടുകാർക്കു സഹിക്കാനാവാതെയായി. ഖ്വാജയുടെ ശല്യം തീർക്കാൻ എന്തു ചെയ്യാനാകുമെന്നു നാലാമത്തെയും അഞ്ചാമത്തെയും മരുമക്കളായ റഷീദിനോടും ബഷീറിനോടും മസൂദ ബീവി ആരാഞ്ഞു. ഇരുവരും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ഹഷാമിനെ കണ്ട് ഇക്കാര്യം സംസാരിച്ചു. ഖ്വാജയെ വകവരുത്താൻ സഹായിക്കാമെന്നു ഹഷാം വാക്കുനൽകി.
മകനെ കൊല്ലുന്നതിനു സാമ്പത്തിക സഹായവും ഹഷാമിനു മസൂദ വാഗ്ദാനം ചെയ്തു. മദ്യാസക്തനായ ഖ്വാജയെ അതിൽതന്നെ വീഴ്ത്താമെന്നു പദ്ധതിയിട്ടു. ബഷീറും റഷീദും ഖ്വാജയെ മദ്യപാനത്തിനു ക്ഷണിച്ചാണു കൊലയ്ക്കു കളമൊരുക്കിയത്. കള്ളു കുടിക്കാൻ ഹഷാമിന്റെ ഓട്ടോയിൽ ഖ്വാജയെ ബന്ദ്‌ലാഗുഡയിലെ ഷാപ്പിലേക്കാണു കൊണ്ടുപോയത്. മദ്യപിച്ചു മയങ്ങിയ ഖ്വാജയുടെ തലയിൽ വലിയ ഗ്രാനൈറ്റ് കഷണം കൊണ്ട് ഇടിച്ചാണു കൊല നടത്തിയത്.
ഖ്വാജ മരിച്ചെന്ന് ഉറപ്പാക്കിയ മൂവരും വിവരം മസൂദ ബീവിയെ അറിയിച്ചു. എല്ലാവരും പലവഴിക്കു രക്ഷപ്പെട്ടു. 2001 ജൂണിൽ നടന്ന സംഭവത്തിൽ രാജേന്ദ്രനഗർ പൊലീസാണു കേസെടുത്തത്. അജ്ഞാതൻ മരണപ്പെട്ടു എന്ന തരത്തിലായിരുന്നു ആദ്യ കേസ്. തെളിവിന്റെ അഭാവം അന്വേഷണം ഇഴയാൻ കാരണമായി. പ്രതികളെ പിടികൂടണമെന്നു കാര്യമായ ആവശ്യവും ഉയർന്നില്ല. അടുത്തിടെ കുടുംബത്തിനുള്ളിലെ അസ്വാരസ്യം പരിധി വിട്ടപ്പോഴാണു കൊലപാതക കഥ പുറത്തായത്. തുടർന്ന് കുടംബാംഗങ്ങളിലൊരാളാണ് പൊലീസിന് വിവരം നൽകിയത്. അങ്ങനെ റഷീദ്, ബഷീർ, ഹഷാം എന്നിവരെ അറസ്റ്റ് ചെയ്തു. പക്ഷേ, ഖ്വാജയെ കൊല്ലാൻ പദ്ധതിയിട്ട മാതാവ് മസൂദ ബീവിയെ മാത്രം ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.
Leave a Reply