ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സ്വകാര്യതയ്ക്കും വ്യക്തിഗത വിവരങ്ങൾക്കും വളരെ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ബ്രിട്ടൻ . അതുകൊണ്ടുതന്നെ വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ വാണിജ്യ താൽപര്യങ്ങൾക്കായി നൽകുന്നതിനെയും അതുവഴി ലാഭം കൊയ്യുന്നതിനെയും ശക്തമായ നിയമങ്ങൾ വഴി ശിക്ഷ അർഹിക്കുന്ന കുറ്റങ്ങളാണ്. കലണ്ടർ തുടങ്ങി സമ്മാനങ്ങൾ പോസ്റ്റലിൽ അയക്കുന്നതിനായി മേൽവിലാസം ശേഖരിക്കുന്നതിന്റെ പുറകിൽ ഒളിഞ്ഞിരിക്കുന്ന കച്ചവട കണ്ണിനെ കുറിച്ച് യുകെ മലയാളികളിൽ പലരും അത്ര ബോധവാന്മാരല്ല. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പല ബിസിനസ് സ്ഥാപനങ്ങൾക്കും നൽകി ലാഭം കൊയ്യുന്ന പ്രക്രിയയിൽ അറിയാതെ നമ്മൾ കണ്ണികൾ ആകുന്ന കാര്യം വിസ്മരിക്കരുത്. ചെറിയ ഇരയെ കാട്ടി ചൂണ്ടയിട്ട് വൻ മത്സ്യങ്ങളെ വേട്ടയാടുന്ന നയം തന്നെയാണ് ഇവിടെ കച്ചവട കണ്ണോടെ ഇവർ പയറ്റുന്നത്.
മേൽവിലാസവും ഫോൺ നമ്പറും ഈമെയിൽ ഐഡിയും കൊടുക്കുമ്പോൾ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് കിടന്നുറങ്ങുന്ന നമ്മുടെ ഉറക്കം കെടുത്തുന്ന മാർക്കറ്റിംഗ് ഫോൺ കോളുകൾക്ക് പിന്നിലുള്ളത് നമ്മൾ കൊടുത്ത ഈ വിവരങ്ങൾ ആണെന്നുള്ളത് നമ്മൾ മനസ്സിലാക്കുന്നില്ല. അതുപോലെ തന്നെ നമ്മുടെ ഈമെയിൽ ഐഡിയിലേക്ക് വരുന്ന പ്രമോഷണൽ, മാർക്കറ്റിംഗ് മെയിലുകളുടെ പിന്നിലുള്ളതും നമ്മൾ ഇങ്ങനെ കൊടുക്കുന്ന വിവരങ്ങൾ ആണെന്നുള്ളതാണ് സത്യം. ഒരാളുടെ ഈമെയിൽ ഐഡിയും ഫോൺ നമ്പറും കൊടുക്കുകയാണെങ്കിൽ ചെറിയ കമ്പനികൾ വരെ നാല് പൗണ്ട് വരെ കൊടുക്കുന്നുണ്ട്. എത്തിനിക് വിവരങ്ങൾ, പ്രായം എന്നിവയൊക്കെ കൊടുക്കുകയാണെങ്കിൽ കിട്ടുന്ന തുക വളരെ വലുതാണ് . യുകെയിലെ മലയാളി സമൂഹത്തെ കേന്ദ്രീകരിച്ചുള്ള ഒട്ടുമിക്ക മാർക്കറ്റിങ്ങുകൾക്കും പിന്നിലും നമ്മൾ കൊടുക്കുന്ന ഇത്തരം വിവരങ്ങളാണുള്ളത്.
ഏതെങ്കിലും മാധ്യമങ്ങൾക്കോ സ്ഥാപനങ്ങൾക്കോ വ്യക്തിഗത വിവരങ്ങൾ കൈമാറുമ്പോൾ അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് നാം ബോധവാന്മാരാകണം. നിസ്സാരമെന്ന് പ്രഥമദൃഷ്ടിയിൽ തോന്നാമെങ്കിലും പിന്നീട് ലഭിക്കുന്ന മാർക്കറ്റിംഗ് ഫോൺകോളുകളിൽ നിന്ന് മാത്രം നമ്മുടെ വിവരങ്ങൾ വൻ ലാഭത്തിൽ കൈമാറിയതിന്റെ കച്ചവട കണ്ണുകളുടെ നേർചിത്രം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിലമതിക്കുന്ന ഒന്നാണ് ഡേറ്റയും അതിൽ നിന്ന് ഒരുത്തിരിയുന്ന വിവരങ്ങളും. പ്രത്യേകിച്ച് വ്യക്തിഗത വിവരങ്ങൾ പല രീതിയിലും പ്രാധാന്യം ഏറിയവയാണ്. വ്യക്തിഗത വിവരങ്ങളിലൂടെ അഭിരുചികളിലൂടെ നമ്മുടെ ആവശ്യങ്ങൾ മനസ്സിലാക്കി ലാഭം കൊയ്യാൻ മത്സരിക്കുകയാണ് വൻകിട കമ്പനികൾ . ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള ടെക്നോളജി ഭീമന്മാരുടെയും വൻ ലാഭത്തിന്റെ അടിസ്ഥാനം ഉപഭോക്താക്കളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള ബിസിനസ് തന്ത്രങ്ങളാണ്. ഏതെങ്കിലും ആവശ്യങ്ങൾക്കായോ പ്രോഡക്റ്റിനായോ ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ അനുബന്ധമായി ലഭിക്കുന്ന പ്രോഡക്റ്റ് റെക്കമെന്റേഷനിൽ നിന്ന് നമ്മുടെ ഓരോ ചലനങ്ങളും കമ്പനികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻറെ ചെറിയൊരു ഉദാഹരണം മാത്രമാണ്.
Leave a Reply