ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നേഴ്സുമാർക്ക് പിന്നാലെ പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസ് യൂണിയനും സമരം പ്രഖ്യാപിച്ചത് ഭരണനേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പിസിഎസിലെ ഒരു ലക്ഷത്തോളം അംഗങ്ങളാണ് സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള മെച്ചപ്പെട്ട ശമ്പള വർദ്ധനവിന് വേണ്ടിയാണ് സമരപ്രഖ്യാപനമെന്ന് പബ്ലിക് ആൻഡ് കൊമേഴ്സ് സർവീസ് യൂണിയൻ അറിയിച്ചു.
പി സി എസിയുടെ സമരപ്രഖ്യാപനം രാജ്യത്തെ ഒട്ടുമിക്ക ഓഫീസുകളുടെയും പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് എക്സാമിനർ വരെയുള്ള 126 വിവിധ മേഖലകളിലെ ജീവനക്കാരാണ് പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസ് യൂണിയനിൽ അംഗങ്ങളായിട്ടുള്ളത്. 10 ശതമാനം ശമ്പള വർദ്ധനവാണ് യൂണിയൻറെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഇത് കൂടാതെ മെച്ചപ്പെട്ട പെൻഷനും തൊഴിൽ സുരക്ഷയുമാണ് യൂണിയൻ മുന്നോട്ട് വയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ .
അടുത്ത രണ്ട് വർഷത്തേയ്ക്ക് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പണപ്പെരുപ്പവും ജീവിത ചിലവിലെ വർദ്ധനവും രാജ്യമൊട്ടാകെയുള്ള ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സമര പ്രഖ്യാപനങ്ങൾ ഋഷി സുനക് സർക്കാരിന് ഒരു വെല്ലുവിളി തന്നെയാണ്.
Leave a Reply