ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിടപറഞ്ഞ യുകെ മലയാളി ദമ്പതികളായ ജിനോ ജോർജിന്റെയും അനിതാ ജിനോയുടെയും മകൾ അഥീനയുടെ പൊതുദർശനം 21-ാം തീയതി വ്യാഴാഴ്ച സ്പാൾഡിങിൽ നടത്തും. അന്നേദിവസം സ്പാൾഡിങിലെ സെന്‍റ് നോര്‍ബെറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനം നടക്കുക. ഉച്ചയ്ക്ക് 12 മണിക്കാണ് പൊതുദർശനം ആരംഭിക്കുന്നത്. സ്പാൾഡിങിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്.

മൃതദേഹം കേരളത്തിലെത്തിച്ച് സംസ്കാരം നടത്താനാണ് കുടുംബത്തിൻറെ ആഗ്രഹം. അതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സംസ്കാരം പിന്നീട് കുറുപ്പുംപടി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

അഥീനയുടെ മാതാപിതാക്കളായ ജിനോ ജോർജിന്റെയും അനിതയുടെയും കേരളത്തിലെ സ്വദേശം പെരുമ്പാവൂരാണ് . പത്ത് മാസം മാത്രം പ്രായമുള്ള അഥീന പനിയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ആകസ്മികമായി മരണമടഞ്ഞത്. പനിയെ തുടർന്നുള്ള ഹൃദയാഘാതം ആണ് 10 മാസം മാത്രം പ്രായമുള്ള അഥീനയുടെ മരണത്തിനു കാരണമായത്.

പെരുമ്പാവൂർ ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. ജിനോയും കുടുംബവും രണ്ട് വർഷം മുമ്പാണ് യുകെയിൽ എത്തിയത്. അഥീനയുടെ ജനനത്തിനു ശേഷം കഴിഞ്ഞമാസം ആദ്യം കുടുംബം കേരളത്തിലെത്തി ഓണം ആഘോഷിച്ചിരുന്നു. നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏതാനും ദിവസത്തെ അവധി കാലം കൊണ്ടു തന്നെ അഥീന അരുമയായി മാറിയിരുന്നു.