ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പ്രധാനമന്ത്രിയുടെ ഓഫീസ് എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ശൈത്യകാലത്ത് ഊർജ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച് ജനങ്ങളോട് ആവശ്യപ്പെടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വീടുകളിൽ ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമായ പദ്ധതി ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തുനിന്നും നിയന്ത്രണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല എന്നാണ് കാലാവസ്ഥ മന്ത്രി ഗ്രഹാം സ്റ്റുവർട്ട് വ്യക്തമാക്കിയത്. ശൈത്യകാലത്ത് സാധ്യമാകുമ്പോഴെല്ലാം ഊർജ്ജ സംരക്ഷണത്തിനായി വീട്ടുപകരണങ്ങളും ഹീറ്ററുകളുമെല്ലാം ഓഫാക്കുവാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ പരിഗണിക്കുകയായിരുന്നു ഡിപ്പാർട്ട്‌മെന്റ് ഫോർ ബിസിനസ്, എനർജി ആൻഡ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി (ബിഇഐഎസ്) എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയറിൽ (ഡിഎച്ച്‌എസ്‌സി) നിന്നും എതിർപ്പ് ഉയർന്നതിനെ തുടർന്ന് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ബി ഇ ഐ എ എസ് പിന്തിരിഞ്ഞതായാണ് ബിബിസിയോട് വ്യക്തമാക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് യുകെ ഗ്യാസിനെയാണ് വളരെയധികം ആശ്രയിക്കുന്നത്. രാജ്യത്തെ വൈദ്യുതിയുടെ 40% ത്തിലധികം ഉൽപ്പാദിപ്പിക്കുന്നത് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ സ്റ്റേഷനുകളാണ്. തിരക്കേറിയ സമയങ്ങളിൽ ഡിമാൻഡ് കുറയ്ക്കുന്ന ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്നതിനായി ഒരു സന്നദ്ധ സേവനം ആരംഭിക്കുന്നതിനുള്ള പദ്ധതികൾ നാഷണൽ ഗ്രിഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നു.കൺസർവേറ്റീവ്പാർട്ടിയുടെ നേതൃത്വ പ്രചാരണ വേളയിൽ, പ്രധാനമന്ത്രി ലിസ് ട്രസ് ഈ ശൈത്യകാലത്ത് ഊർജ്ജ റേഷനിംഗ് ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ബ്രിട്ടന് യൂറോപ്പിൽ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാൻ കഴിയാതെ വരികയും ആവശ്യമായ വാതകം ലഭിക്കാതെ വരികയും ചെയ്താൽ, സാധ്യമായ ബ്ലാക്ക്ഔട്ടുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നാഷണൽ ഗ്രിഡിന്റെ നൽകിയിരുന്നു. എന്നാൽ അത്തരത്തിൽ ഒരിക്കലും സംഭവിക്കുകയില്ല എന്നുള്ള ശുഭപ്രതീക്ഷയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.