പഞ്ചാബ് ഫഗ്വാരയിലെ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി(എല്‍ പി യു)യില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ കുറിപ്പില്‍ കോഴിക്കോട് എന്‍ ഐ ടി അധ്യാപകനെതിരെ പരാമര്‍ശം. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ എസ് ദിലീപി(21)നെ ചൊവ്വാഴ്ച വൈകിട്ടാണു ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബി ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഖിന്‍ രണ്ടാഴ്ച മുന്‍പാണ് എല്‍ പി യുവില്‍ ചേര്‍ന്നത്. അതിനു മുന്‍പ് കോഴിക്കോട് എന്‍ ഐ ടി വിദ്യാര്‍ഥിയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനം മാറാനുള്ള കാരണം സംബന്ധിച്ച് എന്‍ ഐ ടി അധ്യാപകനെതിരെ അഖിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

”എന്റെ തീരുമാനത്തില്‍ ഞാന്‍ വളരെയധികം ഖേദിക്കുന്നു, ഞാന്‍ എല്ലാവര്‍ക്കും ഒരു ഭാരമാണ്, ക്ഷമിക്കണം, പക്ഷേ ഇതാണ് അവസാനം,” അഖിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥി എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി ഫഗ്വാര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജസ്പ്രീത് സിങ് നേരത്തെ പറഞ്ഞിരുന്നു. വിഷയത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും രണ്ടു വര്‍ഷം പഠിച്ച എന്‍ ഐ ടിയില്‍ നേരിട്ട വ്യക്തിപരമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ഈ കടുംകൈ സ്വീകരിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും എല്‍ പി യു വൈസ് പ്രസിഡന്റ് അമന്‍ മിത്തല്‍ പറഞ്ഞു. സര്‍വകലാശാല അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നു അഖിന്റെ രക്ഷിതാക്കള്‍ അവിടെ എത്തിയിട്ടുണ്ട്.

അഖിന്‍ മരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച വൈകിട്ട് എല്‍ പി യു കാമ്പസില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നു ഫഗ്വാര പൊലീസ് സൂപ്രണ്ട് മുഖ്ത്യാര്‍ സിങ് പറഞ്ഞു. മൊഹാലിയില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചണ്ഡിഗഡ് സര്‍വകലാശാലയില്‍ സ്വകാര്യ വീഡിയോകള്‍ ചോര്‍ന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് എല്‍ പി യുവിലെ സംഭവം.

”ഇന്നലെ, ശരിയായ വിവരത്തിന്റെ അഭാവം കാരണം സഹവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായി. അതു വൈകുന്നേരം യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമായി. പൊലീസും യൂണിവേഴ്‌സിറ്റി അധികൃതരും മുഴുവന്‍ സ്ഥിതിഗതികളും വിദ്യാര്‍ത്ഥികളോട് പങ്കുവച്ചു. ഇപ്പോള്‍, സര്‍വകലാശാല ശാന്തമാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളും സമാധാനപരമായി ക്ലാസുകളില്‍ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്യുന്നു,” അമന്‍ മിത്തല്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവരെയും വേദനിപ്പിക്കുന്ന നടപടിയെടുക്കുന്നതിനു എന്തെങ്കിലും പ്രശ്നമുള്ളവര്‍ക്കു സമീപിക്കാവുന്ന സമ്പൂര്‍ണ കൗണ്‍സലിങ് സെന്റര്‍ സര്‍വകലാശാലയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സംഭവത്തില്‍ സര്‍വകലാശാല ഒന്നാകെ ദുഃഖിതരാണെന്ന് എല്‍ പി യു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ”പൊലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കവും മരിച്ചയാളുടെ വ്യക്തിപരമായ പ്രശ്നങ്ങളിലേക്കാണു വിരല്‍ ചൂണ്ടുന്നത്. തുടര്‍ അന്വേഷണത്തിന് സര്‍വകലാശാല അധികൃതര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥിയുടെ വേര്‍പാടില്‍ യൂണിവേഴ്‌സിറ്റി ആദരാജ്ഞലി അര്‍പ്പിക്കുന്നു. ദുഃഖാര്‍ത്തരായ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു,” എല്‍ പി യു ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.ആം ആദ്മി പാര്‍ട്ടി (എ എ പി) രാജ്യസഭാംഗം അശോക് മിത്തലാണു ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍.