ഷെറിൻ പി യോഹന്നാൻ
ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തിന്റെ കഥ മാത്രമല്ല ‘പുഷ്പ ദി റൈസ്’. തടി വെട്ടാൻ കൂലിക്കാരനായി വന്ന ഒരാൾ കള്ളക്കടത്ത് സിന്‍ഡിക്കേറ്റ് മേധാവിയായി മാറിയതിന്റെ കഥ കൂടിയാണിത്. തന്റെ വളർച്ചയ്ക്ക് തടസ്സമായി നിന്നവരെ തകർത്തെറിഞ്ഞ് മുന്നേറിയ പുഷ്പരാജിന് മുന്നിൽ ശക്തനായ ഒരു എതിരാളി എത്തുന്നിടത്തുവെച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. നിലവാരമുള്ള സ്റ്റോറി ലൈനിൽ മാസ്സ് സീനുകളും നല്ല ഗാനങ്ങളും ഉഗ്രൻ ആക്ഷൻ രംഗങ്ങളും അടങ്ങുന്ന അല്ലു അർജുൻ ചിത്രം.
ശേഷാചലം കാട്ടിൽ വളരുന്ന രക്തചന്ദനം അനധികൃതമായി കടത്തുന്ന പുഷ്പരാജിന്റെ പടിപടിയായുള്ള ഉയർച്ചയാണ് ചിത്രം പറയുന്നത്. ലക്ഷ്യപ്രാപ്തിയ്ക്കുവേണ്ടി ധൈര്യപൂർവ്വം എന്തും ചെയ്യുന്ന പുഷ്പയുടെ കഥാപാത്രനിർമിതി മികച്ചതാണ്. ഭൂതകാലം വേട്ടയാടുന്ന ഒരുവനെ, കൂലിക്കാരൻ എന്ന നിലയിൽ അവഗണന ഏറ്റുവാങ്ങേണ്ടി വന്ന ഒരുവനെ പെർഫെക്ട് ആയി സ്‌ക്രീനിൽ എത്തിക്കാൻ അല്ലു അർജുന് കഴിഞ്ഞിട്ടുണ്ട്. അല്ലു അർജുന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പുഷ്പരാജ്.
രണ്ടാം ഭാഗത്തിലേക്കുള്ള ഒരു പാലമെന്നോണം ബൻവാർ സിംഗ് ശെഖാവത്തായി ഫഹദ് എത്തുന്നതോടെ ചിത്രം കൂടുതൽ ഇൻട്രസ്‌റ്റിംഗ് ആവുന്നു. പുഷ്പയും ശെഖാവത്തും നേർക്കുനേർ എത്തുന്ന ഫൈനൽ ആക്ട് ഗംഭീരമാണ്. വ്യക്തിത്വത്തിനേൽക്കുന്ന മുറിവ്, ഈഗോ, അപമാനം, അധികാരത്തിന്റെ ശക്തി എന്നിവയെല്ലാം ആ ഫൈനൽ ആക്ടിൽ കാണാൻ കഴിയും. കത്തിജ്വലിക്കുന്ന പകയിലാണ് ചിത്രം അവസാനിക്കുന്നത്. അല്ലു അർജുന്റെയും ഫഹദിന്റെയും കണ്ണുകളിൽ നിന്നത് വ്യക്തമാണ്.
സുനില്‍, അനസൂയ എന്നിവരുടെ അപ്പിയറന്‍സും പ്രകടനവും ശ്രദ്ധേയമാണ്. ആക്ഷൻ കൊറിയോഗ്രഫി, കേൾക്കാൻ രസമുള്ള ഗാനങ്ങൾ, മിറോസ്ലാവ് ക്യൂബ ബ്രൊസെക്കിന്റെ ഛായാഗ്രഹണം എന്നിവ ചിത്രത്തിന് റിച്ച് ഫീൽ സമ്മാനിക്കുന്നു. പുതുമയുള്ള സ്റ്റോറി ലൈൻ ഇല്ലെങ്കിൽ പോലും മൂന്നു മണിക്കൂർ എൻഗേജിങ്ങായി സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സുകുമാറിന് സാധിച്ചിട്ടുണ്ട്. സാമി സാമി എന്ന ഗാനവും സാമന്തയുടെ പാട്ടും രസകരമായിരുന്നു.
ആദ്യ പകുതിയിൽ മാസ്സ് രംഗങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവരുന്നു. പുഷ്പ – ശ്രീവള്ളി റൊമാന്റിക് സീനുകളാണ് ആകെയുള്ള കല്ലുകടി. രശ്മികയുടെ കഥാപാത്രത്തിന് പൂർണത കൈവരുന്നില്ല. തന്നേ സംരക്ഷിക്കുന്ന നായകനോട് നായികയ്ക്ക് പ്രേമം തോന്നുന്ന ക്‌ളീഷേ സീൻ ഇവിടെയുമുണ്ട്. രണ്ടാം പകുതിയിൽ കഥ പിന്നോട്ട് വലിയുന്നിടത്താണ് ഫഹദ് എത്തുന്നത്. ആ വരവാണ് രണ്ടാം ഭാഗത്തിനുള്ള ഹൈപ്പ് ഒരുക്കി വയ്ക്കുന്നതും. ‘പുഷ്പ : ദി റൂൾ’ൽ കുറച്ചുകൂടി തീവ്രമായ കഥാഖ്യാനം പ്രതീക്ഷിക്കുന്നു.
Last Word – പുഷ്പയുടെ കഥ പ്രവചിക്കാൻ എളുപ്പമാണ്. നായകന്റെ ഉയർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതെല്ലാം വന്നുപോകുന്നു. എന്നാൽ മികച്ച പ്രകടനങ്ങളിലൂടെയും ആവേശമുണർത്തുന്ന അക്ഷൻ രംഗങ്ങളിലൂടെയും അല്ലു – ഫാഫാ കോൺഫ്ലിക്ട് സീനിലൂടെയും ചിത്രം തൃപ്തിപ്പെടുത്തുന്ന അനുഭവമാകുന്നു. മികച്ച തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രം.
Leave a Reply