കൊച്ചി: എറണാകുളം പുതുവൈപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാതക പ്ലാന്റിനെതിരായി നടക്കുന്ന സമരത്തില്‍ വീണ്ടും സംഘര്‍ഷം. എല്‍പിജി പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് ലാത്തി വീശി. പോലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.

ചര്‍ച്ചയേത്തുടര്‍ന്ന് സമരം നിര്‍ത്തിവെക്കാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പ്. എന്നാല്‍ പ്ലാന്റിന്റെ നിര്‍മാണം പോലീസ് സുരക്ഷയോടെ പുനരാരംഭിക്കുകയായിരുന്നു. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ഇന്നസെ ചര്‍ച്ച നടന്നില്ല.

ചര്‍ച്ച നടക്കുന്നത് വരെ പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പുതുവൈപ്പില്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തി. പോലീസ് സംരക്ഷണത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു.