റിയോ ഒളിമ്പിക്സിൽ ശതകോടി ജനതയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ കരോലിന മാരിനെ സ്വന്തം കാണികൾക്ക് മുന്നിൽ മുട്ടുകുത്തിച്ച് പി.വി സിന്ധു. ഇന്ത്യൻ ഓപ്പൺ സീരിയസിന്റെ കലാശപ്പോരിലാണ് ഇന്ത്യയുടെ മകൾ പ്രതികാരം ചെയ്തത്. ആർത്തിരമ്പിയ കാണികളുടെ പിന്തുണയും ആർപ്പ്‌വിളിയും ഇത്തവണ പി.വി സിന്ധുവിന് കരുത്തായി. സിന്ധുവിന്റെ മാത്രമല്ല ബാഡ്മിന്രൺ കോർട്ടിൽ ഇന്ത്യയുടെ പ്രതികാരം കൂടിയാണിത്. നേരിട്ടുള്ള സെറ്റുകൾക്കാണ് പി.വി സിന്ധു ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവും ലോക ഒന്നാം നമ്പറുമായ കരോലിന മാരിനെ തോൽപ്പിച്ചത്. സ്കോർ 21- 19, 21- 16.
ഇന്ത്യൻ ഓപ്പൺ സീരിയസിന്റെ കലാശപ്പോരാട്ടത്തിൽ കരോലിന മാരിനെ വീഴ്ത്താൻ ഉറച്ച് തന്നെയായിരുന്നു പി.വി സിന്ധു. ആദ്യ സെറ്റിൽ മാരിനെ 1 എതിരെ 4 പോയിന്റുകൾ നേടി സിന്ധു തുടക്കത്തിലേ പിന്നിലാക്കി. കരോലിന മാരിന്റെ ശരീരം ലക്ഷ്യം വച്ചുകൊണ്ടുള്ള ഷോട്ടുകൾ സിന്ധു തൊടുത്തപ്പോൾ എതിരാളിക്ക് മറുപടി ഇല്ലാതായി. എന്നാൽ സ്കോർ 19-19 എന്ന നിലയിൽ സമനില പിടിച്ച് മാരിൻ തിരിച്ചു വന്നു . എന്നാൽ അവസാന 2 പോയിന്റുകൾ സ്വന്തമാക്കി പി.വി സിന്ധു ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ചു.

 

രണ്ടാം സെറ്റിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല പി.വി സിന്ധു കരോലിന മാരിനെ കടന്നാക്രമിച്ചു. നെറ്റ് ഷോട്ടുകളിലൂടെ കളി നിയന്ത്രിക്കുന്നതിന് പകരം തകർപ്പൻ ക്രോസ് കോർട്ട് ഷോട്ടുകളും ബോഡി ഷോട്ടുകളുമായി പി.വി സിന്ധു കളം പിടിച്ചു. 1 എതിരെ 6 പോയിന്റുകൾക്ക് മുന്നിലെത്തി സിന്ധു രണ്ടാം സെറ്റും നിയന്ത്രിച്ചു. അക്രണമോത്സുകത തന്നെയാണ് മാരിന് എതിരെ സിന്ധുവിന് തുണയായത്.മാച്ച് പോയിന്റിന്റെ അവസരം എത്തിയപ്പോൾ കാണികൾ ഇരിപ്പിടത്തിൽ നിന്നും എണീറ്റു. എന്നാൽ ഒരു പോയിന്റ് കൂടി നേടി മാരിൻ കാണികളുടെ ചങ്കിടിപ്പ് കൂട്ടി. പക്ഷെ ഇത്തവണ അവസാന ലാപ്പിൽ കാലിടറി വീഴാൻ സിന്ധു തയ്യാറായിരുന്നില്ല. സുന്ദരമായ നീക്കത്തിലൂടെ മാച്ച് പോയിന്റും സൂപ്പർ സീരിയസ് കിരീടവും സിന്ധു വെട്ടിപ്പിടിച്ചു. ഒളിമ്പിക്സ് സ്വർണ്ണം തട്ടിയെടുത്ത കരോലിന മാരിനെതിരായ ജയം പുല്ലേല ഗോപീചന്ദും പി.വി സിന്ധുവും , ഇന്ത്യൻ ജനതയും മറക്കില്ല.

സിന്ധുവിന്റെ രണ്ടാം സൂപ്പർ സീരിയസ് കിരീടമാണ് ഇത്. ലോക നാലാം നന്പറായ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിൽ ഇടംപിടിച്ചത്. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്വാളിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ