പെര്‍ത്ത്: ബ്രിട്ടനും ഓസ്‌ട്രേലിയക്കുമിടയില്‍ നോണ്‍സ്‌റ്റോപ്പ് വിമാന സര്‍വീസിന് തുടക്കമിട്ട് ക്വാണ്ടാസ് എയര്‍ലൈന്‍. പെര്‍ത്തില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 6.45ന് പറന്നുയര്‍ന്ന ക്യുഎഫ്9 ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനമാണ് ചരിത്രത്തിലേക്ക് കുതിക്കുന്നത്. പുലര്‍ച്ചെ 5 മണിയോടെ ഹീത്രൂവിലെത്തുന്ന വിമാനം ഉച്ചക്ക് 1 മണിയോടെ തിരികെ യാത്രയാരംഭിക്കും. നാളെ പുലര്‍ച്ചെ വിമാനം പെര്‍ത്തില്‍ തിരിച്ചെത്തും. പെര്‍ത്തില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുന്ന വിമാനങ്ങള്‍ സാധാരണയായി 20 മുതല്‍ 21 മണിക്കൂര്‍ വരെയാണ് സമയമെടുക്കാറുള്ളത്. അബുദാബി, ദുബായ്, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ എവിടെയെങ്കിലും ഇവയ്ക്ക് സ്റ്റോപ്പ് ഓവറുകളും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ആദ്യമായാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നോണ്‍സ്റ്റോപ്പ് വിമാന സര്‍വീസ് അവതരിപ്പിച്ചിരിക്കുന്നത്. 17 മണിക്കൂറാണ് വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യം.
14,498 കിലോമീറ്ററാണ് (9000 മൈല്‍) ഈ സമയത്തിനുള്ളില്‍ വിമാനം താണ്ടുന്നത്. ബോയിംഗ് 747നേക്കാള്‍ ഇന്ധനക്ഷമതയുള്ള മോഡല്‍ എന്നതും മികച്ച ക്യാബിന്‍ സൗകര്യങ്ങളുമാണ് 787-9 ഡ്രീംലൈനറിനെ ഈ റൂട്ടില്‍ സര്‍വീസിനായി തെരഞ്ഞെടുക്കാന്‍ കാരണം. ഈ സര്‍വീസ് ലോകത്തെ ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകളില്‍ രണ്ടാമത്തേതാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓക്ക്‌ലാന്‍ഡ് സര്‍വീസാണ് ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ സര്‍വീസ് 14,529 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നതെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പറയുന്നു.
ഓസ്‌ട്രേലിയക്കും ബ്രിട്ടനുമിടയില്‍ വിമാന റൂട്ട് 1935ലാണ് നിലവില്‍ വരുന്നത്. കാന്‍ഗരൂ റൂട്ട് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. പത്ത് പ്രധാന സ്റ്റോപ്പ്ഓവറുകളും 21 റീഫ്യൂവലിംഗ് സ്റ്റോപ്പുകളും ഇതിന് ഉണ്ടായിരുന്നു. 1938ല്‍ 9 ദിവസം നീളുന്ന ഫ്‌ളൈറ്റുകള്‍ സിഡ്‌നിക്കും സൗത്താംപ്റ്റണുമിടയില്‍ ആരംഭിച്ചു. ഫ്‌ളൈയിംഗ് ബോട്ടുകള്‍ എന്നായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. ഏറെ ക്യാബിന്‍ സ്‌പേസുണ്ടായിരുന് ഈ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഇറങ്ങി നടക്കാനും പുകവലിക്കാനുമുള്ള സൗകര്യമുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള വിമാന സര്‍വീസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 1971ല്‍ മാത്രമാണ് ആരംഭിച്ചത്.
ഒട്ടേറെ ദിവസങ്ങള്‍ നീളുന്ന യാത്രയില്‍ നിന്ന് വെറും 17 മണിക്കൂറുകള്‍ മാത്രം നീളുന്ന ഒറ്റ ഫ്‌ളൈറ്റിലേക്ക് ഈ റൂട്ടിലെ യാത്ര മാറിയിരിക്കുകയാണ്. ചരിത്രപരമെന്നാണ് ഇതിനെ എയര്‍ലൈന്‍ മേഖലയിലുള്ളവര്‍ വിശേഷിപ്പിക്കുന്നത്. സിഡ്‌നിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നോണ്‍സ്‌റ്റോപ്പ് സര്‍വീസ് തുടങ്ങാന്‍ പുതിയ സര്‍വീസ് ക്വാണ്ടാസിന് പ്രചോദനമാകുമോ എന്ന ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. നോണ്‍സ്‌റ്റോപ്പ് സര്‍വീസുകള്‍ ലാഭകരമാകുമോ എന്നതിന്റെ പരീക്ഷണം കൂടിയാണ് ഇതിലൂടെ നടക്കുന്നതെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് ജോണ്‍ സ്ട്രിക്ക്‌ലാന്‍ഡ് പറയുന്നു.
Leave a Reply