ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ എയർ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തർ അനുമതി നൽകാതിരുന്നത് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന. സൗജന്യ വിമാന സർവീസ് ആണ് എന്നാണ് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നത്.

ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ പല തരം ഫീസുകളിലും എയർ ഇന്ത്യയ്ക്ക് ഖത്തർ ഇളവ് അനുവദിച്ചിരുന്നു. ഒഴിപ്പിക്കൽ വിധത്തിലുള്ള വിമാന സർവീസാണെന്നും അതുകൊണ്ട് സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നുമാണ് കേന്ദ്രസർക്കാർ ഖത്തറിനെ അറിയിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.

ഇതിനെ തുടർന്നായിരുന്നു എയർ ഇന്ത്യയ്ക്ക് ഖത്തർ എയർപോർട്ട് പാർക്കിങ് ഫീസ്, ഹാൻഡ്ലിങ് ഫീസ് ഉൾപ്പെടെയുള്ളവയിൽ ഇളവ് നൽകിയത്. ദോഹയിൽ നിന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യാ വിമാനം യാത്ര തിരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത് സൗജന്യയാത്രയല്ലെന്നും ഏകദേശം 700 റിയാലോളം യാത്രക്കാരിൽ നിന്നും എയർ ഇന്ത്യ ഈടാക്കുന്നുണ്ടെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിഞ്ഞത്.

ഇത്തരത്തിൽ ആളുകളിൽ നിന്ന് പണമീടാക്കി നടത്തുന്ന യാത്രയ്ക്ക് എന്തിനാണ് തങ്ങൾ സൗജന്യമായി ഇളവുകൾ നൽകുന്നതെന്ന ചോദ്യമാണ് ദോഹ വിമാനത്താവളം ഉയർത്തിയത് എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഖത്തർ ആഭ്യന്തരമന്ത്രാലയം എയർ ഇന്ത്യക്ക് യാത്രാനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്. എന്നാൽ അടുത്ത ചൊവ്വാഴ്ച മുതൽ വിമാനസർവീസ് ഖത്തർ അനുവദിക്കുമെന്നാണ് റിപ്പോർട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊവിഡ് പശ്ചാത്തലത്തിൽ ഗൾഫിലെ നിരവധി രാജ്യങ്ങൾ പൗരന്മാരെ സൗജന്യമായി അവരവരുടെ നാടുകളിൽ എത്തിക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗൾഫ് വിമാനക്കമ്പനികൾക്ക് ഇന്ത്യ അത്തരത്തിൽ ഒരു അനുമതി നൽകിയിരുന്നില്ല. ഒടുവിൽ യാത്രക്കാരിൽ നിന്നും 15000 രൂപയോളം ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് എയർ ഇന്ത്യ വിമാനത്തിൽ ഇവരെ ഇന്ത്യയിൽ എത്തിച്ചത്.

ഇത്തരത്തിൽ ടിക്കറ്റ് ഈടാക്കി ആളുകളെ കൊണ്ടുവരുന്ന നടപടിയിൽ പ്രതിഷേധിച്ച് ആദ്യവിമാനത്തിന് കുവൈറ്റും ഇന്ത്യയ്ക്ക് അനുമതി നൽകിയിരുന്നില്ല. പിന്നീട് ചർച്ചയ്ക്ക് ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവരാണ് മിക്ക പ്രവാസികളും. അതുകൊണ്ട് തന്നെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ടിക്കറ്റ് നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ അത് പരിഗണിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് സൗജന്യസേവനമെന്ന് ഗൾഫ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യ വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ ഇന്ത്യയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.