ദോഹ: ഖത്തറില്‍ ചെലവു ചുരുക്കലിന്റെ ഭാഗമായുള്ള പിരിച്ചുവിടല്‍ ആരോഗ്യ മേഖലയിലേക്കും. എണ്ണ പ്രകൃതിവാതക വിലയിടിവിനെത്തുടര്‍ന്നുണ്ടായ ബജറ്റ് കമ്മി നേരിടുന്നതിന്റെ ഭാഗമായാണ് ചെലവുചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഏതാനും ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടലിന് മുന്നോടിയായുള്ള നോട്ടീസ് ലഭിച്ചു.
ഹമദ് ജനറല്‍ ആശുപത്രി, ഹാര്‍ട്ട് ഹോസ്പിറ്റല്‍, അല്‍വക്ര എന്നിവിടങ്ങളിലെ ഏതാനും ജീവനക്കാര്‍ക്കും നോട്ടീസ് ലഭിച്ചു. നഴ്‌സുമാരും ഫാര്‍മസിസ്റ്റുകള്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്. റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞിട്ടും സര്‍വ്വീസില്‍ തുടരുന്ന സ്റ്റാഫ് നഴ്‌സുമാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുക എന്നാണ് ആദ്യം കേട്ടിരുന്നതെങ്കിലും 30-40 വയസ്സ് പ്രായപരിധിയുള്ളവരും ഇപ്പോള്‍ നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇത് ജീവനക്കാരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.
സ്റ്റാഫ് നഴ്‌സ്, കേസ് മാനേജര്‍, ചാര്‍ജ് നഴ്‌സ് തുടങ്ങി നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ തസ്തികയിലുള്ളവര്‍ക്ക് വരെ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതിന് മുമ്പായി ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിത്തുടങ്ങിയിരുന്നു. അല്‍ ഖോര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന ലൊക്കേഷന്‍ അലവന്‍സായ 2000 റിയാല്‍ ഒരു മാസം മുമ്പ് റദ്ദാക്കി.
ചിലയിടങ്ങളില്‍ സ്‌പെഷല്‍ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും മറ്റുമുള്ള മൊബൈല്‍ അലവന്‍സ് 1000 റിയാലില്‍ നിന്ന് 600 റിയാലാക്കി ചുരുക്കിയിരുന്നു.