ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വിൻഡ്‌സർ കാസിലിന് സമീപം ഇന്നലെ വൈകുന്നേരം നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ നിറസാന്നിധ്യമായി എലിസബത്ത് രാജ്ഞി. മൂന്നു ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് രാജ്ഞി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. വിൻഡ്‌സർ കാസിലിലെ രാജകീയ ഇരിപ്പിടത്തിലേക്ക് നിറഞ്ഞ കയ്യടിയോടെയാണ് രാജ്ഞിയെ സ്വാഗതം ചെയ്തത്. എ ഗാലപ്പ് ത്രൂ ഹിസ്റ്ററി എന്ന പേരിൽ വിൻഡ്‌സർ കാസിലിൽ നടന്ന കുതിരസവാരി ആഘോഷപരിപാടിയിൽ രാജ്ഞി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ദേശീയ ഗാനം ആലപിച്ചപ്പോൾ ഹൗസ് ഹോൾഡ് കാവൽറിയുടെ അകമ്പടിയോടെ രാജ്ഞി എത്തിയത്. ഇളയ മകൻ എഡ്വേർഡ് രാജകുമാരനും ഒപ്പമുണ്ടായിരുന്നു.

അയ്യായിരത്തോളം വരുന്ന കാണികൾ കരഘോഷം മുഴക്കി രാജ്ഞിയെ വരവേറ്റു. ടോം ക്രൂസ്, ഹെലൻ മിറൻ, കാതറിൻ ജെങ്കിൻസ് ഉൾപ്പെടെയുള്ള പ്രശസ്ത താരങ്ങളും ആഘോഷത്തിൽ പങ്കെടുത്തു. വിൻഡ്‌സറിൽ നടക്കുന്ന ക്വീൻസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് ടോം ക്രൂസ് പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ചലനവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന രാജ്ഞി, കുതിര പ്രദർശനത്തിൽ പങ്കെടുത്തതോടെ ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കുമെന്ന പ്രതീക്ഷ ശക്തമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശാരീരിക അവശതകൾ കാരണം പാര്‍ലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാജ്ഞി എത്തിയിരുന്നില്ല. രാജ്ഞിയെ പ്രതിനിധീകരിച്ച് ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനുമായിരുന്നു പങ്കെടുത്തത്. ജൂണ്‍ 2 മുതല്‍ 5 വരെയുള്ള ദിവസങ്ങളിലാണ് ജൂബിലി ആഘോഷങ്ങൾ. ബ്രിട്ടനിലേക്ക് തിരികെ എത്തുന്ന ഹാരിയും മേഗനും അവരുടെ മക്കളും രാജകുടുംബം ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

രാജ്യത്താകമാനം നിരവധി വിരുന്നുകളും മറ്റ് ആഘോഷ പരിപാടികളും അരങ്ങേറും. ലണ്ടന്‍, എഡിന്‍ബര്‍ഗ്, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ വലിയ സ്‌ക്രീനുകളിലൂടെ ആഘോഷ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യും. നിറഞ്ഞ പുഞ്ചിരിയോടെ വേദിയിൽ ഇരിക്കുന്ന രാജ്ഞിയെ ആണ് ഇന്നലെ ബ്രിട്ടൻ കണ്ടത്. വരും ദിനങ്ങളിലും ആ മനോഹര കാഴ്ചയ്ക്കായി ബ്രിട്ടീഷ് ജനത കാത്തിരിക്കുന്നു.