ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : രാജ്യം എലിസബത്ത് രാജ്ഞിയെ യാത്രയാക്കി. ലോക നേതാക്കളും രാഷ്ട്ര തലവന്മാരും പങ്കെടുത്ത ശവസംസ്കാരം എല്ലാവിധ ആദരവുകളോടും കൂടെയാണ് നടത്തിയത്. സൈനീക അകമ്പടിയിൽ നടന്ന ചടങ്ങിന് ലോകനേതാക്കൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ സാക്ഷ്യം വഹിച്ചു.
വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ശുശ്രൂഷകൾക്കുശേഷം ബക്കിംഗ്ഹാം കൊട്ടാരവും പിന്നിട്ടു ഹൈഡ് പാർക്കിലെ വെല്ലിങ്ടൻ ആർച്ച് വരെയുള്ള യാത്രയിൽ ചാൾസ് രാജാവും മക്കളായ വില്യമും ഹാരിയും ഉന്നത രാജകുടുംബാംഗങ്ങളും മൃതദേഹ പേടകത്തെ അനുഗമിച്ചു. സെന്റ് ജോർജ് ചാപ്പലിലെ ശുശ്രൂഷയ്ക്കായി വിൻഡ്സർ കൊട്ടാരത്തിലേക്കുള്ള പാതയായ ലോങ് വോക്കിൽ 3,000 സായുധസേനാംഗങ്ങൾ അകമ്പടി നൽകി. പള്ളിമണികൾ മുഴങ്ങി. ആചാരവെടികൾ ഉയർന്നു.
ശവസംസ്കാര ചടങ്ങിൽ, വെസ്റ്റ്മിൻസ്റ്റർ ഡീൻ രാജ്ഞിയുടെ സേവനത്തിനു ആദരാഞ്ജലി അർപ്പിച്ചു. കോമൺവെൽത്ത് രാജ്ഞിയും തലവനും എന്ന നിലയിൽ നിരവധി വർഷങ്ങളായി രാജ്യത്തെ നയിച്ച രാജ്ഞിയെക്കുറിച്ച് റവ. ഡേവിഡ് ഹോയിൽ സംസാരിച്ചു.
സെന്റ് ജോർജ് ചാപ്പലിൽ വച്ചാണു രാജാധികാരചിഹ്നങ്ങൾ മൃതദേഹത്തിൽനിന്നു നീക്കം ചെയ്തത്. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനു സമീപം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് അന്ത്യവിശ്രമം. ഇവിടെയാണു രാജ്ഞിയുടെ മാതാപിതാക്കളെയും അടക്കം ചെയ്തിട്ടുള്ളത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
Leave a Reply