സ്വന്തം ലേഖകൻ
ലണ്ടൻ : തന്റെ 94-ാം ജന്മദിനം ചൊവ്വാഴ്ച ആഘോഷിക്കാൻ എലിസബത്ത് രാജ്ഞി ഒരുങ്ങുകയാണ്. എന്നാൽ കൊറോണ വൈറസ് പടർന്നുപിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ പൊതുആഘോഷ പരിപാടികളെല്ലാം രാജ്ഞി റദ്ദാക്കുകയാണ്. ഈ കാരണത്താൽ റോയൽ പാർക്കിലെ ഗൺ സല്യൂട്ട് ഇത്തവണ വേണ്ടെന്ന് വെച്ചിരിക്കുന്നു. രാജ്ഞിയുടെ 68 വർഷത്തെ ഭരണത്തിനിടയിൽ ആദ്യമായാണ് റോയൽ പാർക്കിലെ ഗൺ സല്യൂട്ട് ഇല്ലാതിരിക്കുന്നതെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വക്താവ് ഇന്നലെ അറിയിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പൊതു ആഘോഷം അനുചിതമായിരിക്കും എന്ന് രാജ്ഞി അറിയിച്ചു. ഫ്ലാഗ് ഫ്ലൈയിംഗ് പ്രോട്ടോക്കോളിനെക്കുറിച്ച് ഉപദേശം നൽകികൊണ്ട് സാംസ്കാരിക, മാധ്യമ, കായിക വകുപ്പ് സർക്കാർ കെട്ടിടങ്ങൾക്ക് കത്തെഴുതിയിട്ടുണ്ട്. രാജ്ഞിയുടെ ജന്മദിന പരേഡ് ആയ ട്രൂപ്പിംഗ് ദി കളർ ഈയൊരു സാഹചര്യത്തിൽ താമസിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. ബ്രിട്ടനിൽ കൊറോണ വൈറസ് മരണസംഖ്യ 15,000 കടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ ചാൾസ് രാജകുമാരനും കോവിഡ് ബാധിച്ചിരുന്നെങ്കിലും ഭേദപ്പെട്ടിരുന്നു.

അതേസമയം കാലിഫോർണിയയിലേക്ക് മാറിയ ഹാരിയും മേഗനും ഈ പ്രതിസന്ധി ഘട്ടത്തിൽ ലോസ് ആഞ്ചലസിലെ രോഗികൾക്ക് ഭക്ഷണം നൽകി. പ്രൊജക്റ്റ് ഏഞ്ചൽ ഫുഡുമായി കൈകോർത്തു അവശനിലയിൽ കഴിയുന്ന രോഗികൾക്ക് അവർ ഭക്ഷണം എത്തിച്ചു. ആളുകൾ തിരിച്ചറിയാതിരിക്കാൻ മുഖം മൂടിയിട്ടാണ് അവർ ഭക്ഷണം വിതരണം ചെയ്തത്. രാജകീയ പദവികൾ എല്ലാം ഉപേക്ഷിച്ചു സ്വന്തന്ത്രരായി ജീവിക്കാൻ ജനുവരിയിൽ തീരുമാനിച്ച അവർ തുടർന്ന് കാലിഫോർണിയയിലേക്ക് മാറുകയായിരുന്നു. മാനസികാരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആർക്ക്വെൽ എന്ന പേരിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന യുഎസിൽ ആരംഭിക്കാൻ അവർ പദ്ധതിയിടുന്നതായി കഴിഞ്ഞ ആഴ്ച വാർത്തകൾ പുറത്തുവന്നു. സമയമാകുമ്പോൾ കൂടുതൽ പ്രഖ്യാപനം നടത്തുമെന്നാണ് അവർ അറിയിച്ചത്.











Leave a Reply