ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആൻഡ്രൂ രാജകുമാരന്റെ പേരിൽ നിലനിൽക്കുന്ന ലൈംഗികാതിക്രമ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്താൻ ലക്ഷങ്ങൾ ചിലവഴിക്കാനൊരുങ്ങി എലിസബത്ത് രാജ്ഞി. ബാലപീഡകനായ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദച്ചുഴിയിൽപെട്ട വ്യക്തിയാണ് ആൻഡ്രൂ രാജകുമാരൻ. 1999–2002 കാലയളവിൽ എപ്സ്റ്റീനെതിരെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ വിർജിനീയ റോബർട്സ് ജിയുഫ്രെ തന്നെ പീഡിപ്പിച്ച ആൻഡ്രൂവിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. ആൻഡ്രൂ മൂന്നു തവണ തന്നെ പീഡിപ്പിച്ചെന്നാണ് വിർജിനീയയുടെ പരാതി. അതിൽ രണ്ടു തവണ പ്രായപൂർത്തിയാകുന്നതിനു മുൻപാണെന്നും അവർ പറഞ്ഞു. ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലും എപ്സ്റ്റീന്റെ കരീബിയൻ ദ്വീപിലെ വസതിയിൽ വച്ചുമാണ് ആൻഡ്രൂ തന്നെ പീഡിപ്പിച്ചതെന്ന് വിർജീനിയ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ എല്ലാം 61 കാരനായ ആൻഡ്രൂ നിഷേധിക്കുകയാണ് ഉണ്ടായത്. ബിബിസി സംപ്രേഷണം ചെയ്ത അഭിമുഖം ബ്രിട്ടനിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞയാഴ്ച അമേരിക്കൻ അഭിഭാഷകനായ ആൻഡ്രൂ ബ്രെറ്റ്ലറിനൊപ്പം മെലിസ ലെർനറെ ഉൾപ്പെടുത്തി തന്റെ നിയമസംഘം ഡ്യൂക്ക് വിപുലീകരിച്ചു. ഒരു മണിക്കൂറിൽ 1,476 പൗണ്ടാണ് ബ്രെറ്റ്ലർ ഈടാക്കുന്നത്. ലങ്കാസ്റ്റർ എസ്റ്റേറ്റിൽ നിന്ന് പണം സ്വരൂപിക്കാനാണ് രാജ്ഞി പദ്ധതിയിടുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആൻഡ്രൂവിനെതിരായ സിവിൽ കേസ് നീണ്ടുനിൽക്കുന്നതിനാൽ ദശലക്ഷക്കണക്കിന് പൗണ്ട് ചിലവാക്കേണ്ടി വരുമെന്ന് രാജകുടുംബാംഗങ്ങൾ പ്രതീക്ഷിക്കുന്നു.

തന്നെ ‘ലൈംഗിക അടിമ’യാക്കി ഉപയോഗിച്ച എപ്സ്റ്റീൻ, ഉന്നത സുഹൃത്തുക്കൾക്കായി കാഴ്ചവച്ചുവെന്നു വിർജീനിയ ആരോപണം ഉയർത്തിയിരുന്നു. 2001 ലും 2002ലും മൂന്നുതവണ എപ്സ്റ്റീന്റെ നിർബന്ധത്തിനു വഴങ്ങി രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു വിർജീനിയ റോബർട്സിന്റെ വെളിപ്പെടുത്തൽ. ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ തനിക്കു ഖേദമില്ലെന്നു ബിബിസി അഭിമുഖത്തിൽ പറഞ്ഞതോടെയാണ് രാജകുമാരൻ വിവാദത്തിൽ പെടുന്നത്. അതാണ് ഇപ്പോഴും ആളികത്തുന്നത്.
	
		

      
      



              
              
              




            
Leave a Reply