ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി കുടുംബങ്ങൾക്കായി ഈ വർഷം നടത്തുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരങ്ങളിൽ(ഉർഹ 2025 )യൂണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു.
രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്‌തിക്കുശേഷമാണ് ആധ്യാത്മികത വർഷാചരണം.
രൂപതയുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഔദ്യോഗിക പ്രസിദ്ധീകരണമായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇടവക/മിഷൻ /പ്രൊപ്പോസ്ഡ് മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് . യോഗ്യത നേടുന്നവർക്ക് ഓൺലൈൻ ആയി നടക്കുന്ന റീജനൽ തല മത്സരത്തിൽ പങ്കെടുക്കാം. രൂപതാ തലത്തിൽ നവംബർ 29 നാണ് ഫൈനൽ മത്സരം.
ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജനൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയാറാക്കുക . ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാ തല മത്സരം.
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ടും ട്രോഫിയും നൽകും. കുടുംബങ്ങൾക്കുള്ള ആദ്ധ്യാത്മികത ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു . എല്ലാ ഇടവക/ മിഷൻ/ പ്രൊപ്പോസഡ് മിഷനുകളിലും ക്വിസ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാ പി ആർ ഒ റെവ ഡോ ടോം ഓലിക്കരോട്ട് , പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു എന്നിവർ അറിയിച്ചു .
Leave a Reply