“കുരുവംശത്തിന്റെ രാജ്ഞി, പാണ്ഡുപത്നി, ബലാശാലികളായ പാണ്ഡവരുടെ സർവ്വംസഹയായ മാതാവ് കുന്തി അതാ നടന്നകലുന്നു. ജന്മജന്മാന്തരങ്ങളുടെ പാപഭാരവും പേറിയൊകുന്ന ഗംഗയുടെ തീരത്തെ പൂഴിമണലിൽ ദുർബലമായ കാലടികളമർത്തി, മൂടുപടത്തിന്റെ തുമ്പിനാൽ കണ്ണുനീർ തുടച്ചുകൊണ്ട് അവർ തിരികെ നടക്കുകയാണ്. ഉള്ളിലെവിടെയോ തീരാനോവിന്റെ ഉറവ പൊട്ടിയിരിക്കുന്നു. എത്ര തള്ളിപ്പറയാൻ ശ്രമിച്ചാലും സാധ്യമാവത്ത ഒരു ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ. എനിക്ക് ജന്മം നൽകിയ അമ്മയാണ് ആ വൃദ്ധ. സൂതപുത്രനെന്ന് മുദ്രകുത്തപ്പെട്ട ഈ കർണ്ണന്റെ ജന്മരഹസ്യം പെറ്റ അമ്മയുടെ നാവിൽനിന്നും വെളിവാക്കപ്പെട്ടിരിക്കുന്നു. അംഗരാജാവായ കർണ്ണൻ, രാധേയനായ കർണ്ണൻ പൃഥയുടെ ആദ്യ സന്താനമാണെന്ന സത്യം കാലങ്ങൾക്കിപ്പുറം എന്നെ തേടി എത്തിയിരിക്കുന്നു. പക്ഷെ, ചില സത്യങ്ങൾക്ക് ശരങ്ങളുടെ മൂർച്ചയാണ്. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി വേദനിപ്പിക്കുന്ന മൂർച്ച…

മിഴിക്കോണുകളിൽക്കൂടി കണ്ണുനീർ ഒഴുകിപ്പടരുന്ന ചൂട് ഞാനറിയുന്നു. അരുത്, കരയരുത്. നീ യോദ്ധാവായ കർണ്ണനാണ്. ബാഷ്പധാരയുടെ ചൂടിൽ നിന്റെ മനോബലം നഷ്ടമായിപ്പോയെന്ന് വരാം. പാലിച്ചു തീർക്കാനുള്ള ഒട്ടേറെ ശപഥങ്ങൾ നിന്റെ ശിരസ്സിനുമീതെയുണ്ടെന്ന് നീ മറന്നുപോകരുത്… ഇല്ല ഞാൻ കരയില്ല… ഞാൻ കർണ്ണനാണ്, രാധേയനായ കർണ്ണൻ.”

മിഴികൾ തുടച്ചുകൊണ്ട് കർണ്ണൻ തിരിഞ്ഞുനോക്കിയപ്പോൾ അങ്ങുദൂരെ കുന്തി അവ്യക്തമായ ഒരു രൂപമായി മറഞ്ഞുപോയ്‌ക്കഴിഞ്ഞിരുന്നു. ചിന്തകളുടെ ഭാരവുംപേറി നിശബ്ദനായി നിൽക്കുകയാണ് കർണ്ണൻ, ആടയാഭരണങ്ങളോ കവചങ്ങളോ അസ്ത്രശസ്ത്രങ്ങളോ ഇല്ലാത്ത പച്ചമനുഷ്യനായി. കാലം തന്നോട്‌ കാട്ടിയ ക്രൂരതകൾക്ക് മുൻപിൽ നിസ്സഹായനായി നിൽക്കേണ്ടിവന്ന ഒരുവൻ. പൂഴിമണലിൽ ആഴ്ന്ന കാൽപ്പാദങ്ങളെ ഗംഗയുടെ ഓളങ്ങൾ മെല്ലെ തഴുകുന്നുണ്ട്, ഒരമ്മയെപ്പോലെ ആശ്വസിപ്പിക്കുന്നുണ്ട്. കുളിരലിഞ്ഞുചേർന്ന മണലിൽ ചിന്താമഗ്നനായി അയാൾ ഇരുന്നു. ഗംഗയിലെ ഒഴുക്ക് പൊടുന്നനെ നിലയ്ക്കുന്നതായും അതിശീഘ്രം പിന്നിലേക്ക് ഒഴുകുന്നതായും കർണ്ണന് അനുഭവപ്പെട്ടു. ഉപേക്ഷിക്കപ്പെട്ടവന്റെ വേദനയോടെ അവൻ ഓർമ്മകൾ തേടി പിന്നിലേക്ക് യാത്രചെയ്തു.

ഹസ്തിനപുരി രാജധാനിയിലെ സൂതനായ അതിരഥന്റെ പുത്രനായി വളർന്നത്കൊണ്ട് അറിവാകുന്ന പ്രായംവരെ അശ്വാലയങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ ഒരു ബാലൻ. പിന്നീടെപ്പോഴോ മഹാരാജാവിന്റെ ദയാകടാക്ഷത്താൽ കുരുവംശ കുമാരന്മാർക്കൊപ്പം ദ്രോണാചാര്യരിൽ നിന്നും ആയൂധാഭ്യാസം ഗ്രഹിച്ചു. പക്ഷെ, സൂതകുലജാതൻ എന്നതിന്റെ അടിസ്ഥാനത്തിൽ മർമ്മപ്രധാനമായ ആയുധവിദ്യകൾ അവന് അപ്രാപ്യമായിരുന്നു. കുലത്തിന്റെ പേരിൽ ഗുരുവായ ദ്രോണർ ഒരിക്കൽപ്പോലും അവന് ബ്രഹ്മാസ്ത്രവിദ്യ പകർന്നു നൽകാൻ തയാറായില്ല. എല്ലാവരാലും പരിഹസിക്കപ്പെട്ട് തലകുനിച്ചു നിൽക്കേണ്ടി വന്നപ്പോഴും കർണ്ണനെ ചേർത്തുനിർത്താൻ ഒരാളേ ഉണ്ടായൊള്ളു, ദുര്യോധനൻ.

“ദുരാഗ്രഹിയും ക്രൂരനുമെന്ന് സർവ്വരും മുദ്രകുത്തുന്ന ദുര്യോധനൻ കാട്ടിയ സ്നേഹവും സൗഹൃദവും സാഹോദര്യവും എനിക്ക് വിലമതിക്കാനാവാത്തതാണ്. കുലത്തിന്റെയും ഗോത്രത്തിന്റെയും പേരിൽ അപമാനിതനായി പരീക്ഷാരംഗത്തു നിൽക്കേണ്ടി വന്നപ്പോൾ, ഈ സൂതപുത്രനെ അംഗരാജാവായി അഭിഷേകംചെയ്ത ദുര്യോധനനോടുള്ള കടപ്പാട് ഒരു ജന്മത്തിലും അവസാനിക്കുന്നതല്ല. രാജ്യമോഹത്താൽ ഉന്മാദിയായിത്തീർന്ന ദുര്യോധനന്റെയുള്ളിൽ സ്വജനത്തെയും സ്വന്ത പരമ്പരയേയും അളവറ്റ് സ്നേഹിക്കുന്ന ഒരു മനുഷ്യനുണ്ട് എന്നത് ആരാലും ശ്രദ്ധിക്കപ്പെടാത്ത യാഥാർഥ്യത്തിന്റെ മറുമുഖമാണ്. അദ്ദേഹം ദുര്യോധനൻ അല്ല സുയോധനനാണ്. എന്റെ ശ്വാസം നിലയ്ക്കുന്നിടത്തോളം അദ്ദേഹം എന്റെ ഉറ്റ തോഴനായിരിക്കും. ദുര്യോധനന് നൽകിയ വാക്കുപാലിക്കാൻ വേണ്ടിവന്നാൽ മരണത്തെയും ഞാൻ സന്തോഷത്തോടെ പുൽകും.”
കർണ്ണന്റെ വിചാരങ്ങൾക്ക് ഒരു സാഗരത്തിന്റെ ആഴവും, കടപ്പാടിന്റെ ദൃഢതയുമുണ്ടായിരുന്നു.

“ജന്മം നൽകിയ മാതാവിനോട് പരുഷമായി പെരുമാറാൻ മാത്രമേ എനിക്ക് അപ്പോൾ കഴിയുമായിരുന്നൊള്ളു. ക്ഷമിക്കുക, ഞാൻ നിസഹായനാണ്. അവിടുന്ന് മകനേയെന്ന് വിളിച്ചപ്പോൾ അമ്മേയെന്ന് തിരികെവിളിക്കാൻ എന്റെ നാവിന് സാധിച്ചില്ല. പത്തുമാസം ചുമന്ന് നൊന്ത് പ്രസവിച്ചില്ലങ്കിലും, നെഞ്ചോട് ചേർത്ത് ഒരുപാട് സ്നേഹം പകർന്നുതന്ന ഒരമ്മ എനിയ്ക്കുണ്ട്, രാധ. ആ മുഖം എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ പതിഞ്ഞുപോയിരിക്കുന്നു. അത് പറിച്ചുമാറ്റി മറ്റൊരു മുഖം സ്ഥാപിക്കാൻ എനിക്കൊരിക്കലും സാധിക്കയില്ല. കൗന്തേയാനായി പിറന്നിട്ടും രാധേയനായി വളരാൻ വിധിക്കപ്പെട്ട ഈ മകന് ഇനിയുമൊരു തിരിച്ചുവരവ് അസാധ്യമാണ്. കടപ്പാടിന്റെയും ധർമ്മത്തിന്റെയും കെട്ടുപാടുകളാൽ ഞാൻ ബന്ധനസ്ഥാനാണ്… അല്പംമുൻപ് അവിടുന്ന് എന്നോട് ഏറ്റുപറഞ്ഞ ഈ സത്യം എന്നും ഒരു രഹസ്യമായി സൂക്ഷിക്കാൻ സാധിക്കട്ടെ. കൗരവരുടെ വേരറുക്കാൻ ജന്മംകൊണ്ട ഭീമസേനനോ, വീരശൂര പരാക്രമിയായ പാർത്ഥനോ ഇത് അറിയരുത്. ഒരുപക്ഷേ, യുദ്ധമുഖത്ത് സ്വന്തം ജ്യേഷ്ഠനെതിരെ ആയുധമുയർത്താൻ പഞ്ചപാണ്ഡവർക്ക് സാധിച്ചില്ലെന്ന് വരും. എനിക്ക് പോരാടിയേ കഴിയൂ, ഒരു ശത്രുവിനെപ്പോലെ. എനിക്കെതിരെ ആയുധമെടുത്ത് പോരാടാൻ ഓരോ പാണ്ഡവനെയും ഞാൻ നിർബന്ധിച്ചുകൊണ്ടിരിക്കും. അല്ലെങ്കിൽ ഞാൻ തളർന്നുപോയെന്ന് വരും.”
ഗംഗാനദിയുടെ ഉപരിതലത്തിൽ ആദിത്യകിരണങ്ങൾ മെല്ലെ പരക്കുന്നുണ്ട്. പ്രഭാതത്തിലെ തണുത്ത കാറ്റ് ഗംഗയുടെ തീരങ്ങളെ തട്ടിയുണർത്തുന്നു. നനവാർന്ന ഉത്തരീയത്തിന്റെ തണുപ്പുപോലും കർണ്ണൻ അറിയുന്നുണ്ടായിരുന്നില്ല. ചിന്തകളുടെ ആഴങ്ങളിൽ അയാൾ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പരതുകയായിരുന്നു.

“ഇതിന്റെ അവസാനം എന്തായിരിക്കുമെന്ന ബോധ്യം എനിക്കുണ്ട്. പാണ്ഡവമാതാവിന് വാക്കുനൽകിയത്പോലെ കുരുക്ഷേത്രയുദ്ധത്തിന് ശേഷവും ആ അമ്മയ്ക്ക് അഞ്ച് പുത്രന്മാർ തന്നെ അവശേഷിക്കും. അതിൽ ഉൾപ്പെടേണ്ടത് ഈയുള്ളവനോ ആർജ്ജുനനോയെന്നത് കാലം തീരുമാനിക്കും. പക്ഷെ, ഒരു നിശ്വാസത്തിന്റെ അകലത്തിൽ മരണം എനിക്കുമുമ്പേ പതിയിരിക്കുന്നത് ഞാനറിയുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളുടെ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ടവനാണ് ഏതൊരു മനുഷ്യനും. പാണ്ഡവജ്യേഷ്‌ഠനായ ആതിരഥിക്ക് ദ്രൗപദി ധർമ്മപ്രകാരം മകൾക്ക് തുല്യയാണ്. ആ യുവതിയുടെ മാനത്തിനുമേൽ കരിനിഴൽ വീണപ്പോൾ ഉന്മാദിയെപ്പോലെ പൊട്ടിച്ചിരിച്ചവനാണ് ഞാൻ. സ്വയംവരപ്പന്തലിൽ വെച്ച് അവൾ ഏൽപ്പിച്ച അപമാനം ഒരു മുറിവായി ഹൃദയത്തിൽ സൂക്ഷിച്ചതിന്റെ ഫലമായി പ്രണയം കത്തിയെരിഞ്ഞു പകയായി പരിണമിച്ചതാവാം. ബാല്യംമുതൽ പാണ്ഡവരുടെ പതനം സ്വപ്നം കണ്ടവനാണ് ഞാൻ. സ്വന്ത സഹോദരാണെന്ന് അറിഞ്ഞുകൊണ്ടല്ലെങ്കിലും ചതിയിലൂടെ ഭീമനെ ഇല്ലാതാക്കാൻ കൗരവർക്കൊപ്പം കൂട്ടുനിന്നവനാണ് ഞാൻ. അമ്മയാണെന്ന സത്യമാറിയാതെ കുന്തിദേവിയെ അപഹസിക്കുകയും, സഹോദരർക്കെതിരെ ആയുധമെടുക്കുകയും ചെയ്ത മഹാപാപിയാണ് ഞാൻ. അവഗണനകളുടെ നീറ്റലിൽനിന്നും രൂപം കൊണ്ട പകയാൽ കാഴ്ച്ചമറഞ്ഞിരുന്ന ഞാൻ ഇന്നറിയുന്നു, എന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. പക്ഷെ, ഇനിയും പിന്മാറാൻ സാധിക്കാത്തവിധം ഞാൻ ബന്ധനസ്ഥാനാണ്, പോരാടാതെ നിർവാഹമില്ല. ബന്ധങ്ങളിലും സ്വജീവനിലും വലുതാണ് ഒരു യോദ്ധാവിന് അവൻ നൽകിയ വാക്ക്. എന്റെ ധർമ്മം ഞാൻ ചെയ്തുതീർക്കുക തന്നെ വേണം.”
ഒരുമാത്ര ചിന്തകളിൽനിന്നും ഉണർന്നപ്പോൾ കവിളുകളെ നനച്ച് ഉത്തരീയത്തിലേക്ക് കണ്ണുനീർ ഒഴുകിപ്പടരുന്നത് അവൻ അറിഞ്ഞു. കടുത്ത ദുഃഖത്താൽ കലുഷമായ ഹൃദയത്തെ ഒരു പരിധിവരെ ശാന്തമാക്കാൻ കണ്ണുനീരിന്റെ താപത്തിന് സാധിക്കുമെന്നതു മനുഷ്യന് ലഭിച്ച വലിയ അനുഗ്രഹമാണ്.

അല്പമകലെയായി, ഗംഗയുടെ പരപ്പിലൂടെ ഒരു ചെറുവള്ളവും തുഴഞ്ഞ് ഒരു മുക്കുവൻ പോകുന്നു. അയാൾക്ക് അഭിമുഖമായി ഒരു കുഞ്ഞുബാലകൻ ഇരിക്കുന്നു. അച്ഛനും മകനുമായിരിക്കണം. ആ പിതാവ് മകനോട് പുഞ്ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. അവൻ ശ്രദ്ധയോടെ എല്ലാം കേൾക്കുകയാവും. കർണ്ണൻ എല്ലാം കാണുന്നുണ്ടായിരുന്നു.
“ഏറ്റുപറച്ചിൽ കേട്ടപ്പോൾ ആദ്യം വെറുപ്പുതോന്നി. ഇത്ര കാലം മകനെ എന്ന് വിളിക്കാൻ മടികാട്ടിയ ഒരമ്മയോട് തോന്നിയേക്കാവുന്ന വെറുപ്പ്. പക്ഷെ, ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു, എന്തുകൊണ്ടാവും ആ അമ്മയ്ക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടിവന്നത് എന്ന്. കുന്തിഭോജന്റെ ദത്തുപുത്രിയായ ആ കൗമാരക്കാരിക്ക് തന്റെ കുഞ്ഞിനെ എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ മാത്രമല്ലേ കഴിയുമായിരുന്നൊള്ളു. തന്റെയും കുടുംബത്തിന്റെയും മാനം സംരക്ഷിക്കാൻ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ ആ മാതൃഹൃദയം എത്രകണ്ട് വേദനിച്ചിട്ടുണ്ടാവണം. ഇല്ല, ആ അമ്മയോട് ഈ പുത്രന് ഒരു വെറുപ്പുമില്ല. പാണ്ഡുപത്നിക്ക് ഈ ജാരസന്താനത്തെ അംഗീകരിക്കാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരുന്നു. ആ പുത്രൻ പാണ്ഡവരുടെ ശത്രുപാളയത്തിലെ പ്രമുഖൻകൂടി ആകുമ്പോൾ, പാണ്ഡവമാതാവ് നിസഹായയാണ്. ഇത് ഈയുള്ളവന്റെ വിധിയാണ്… എല്ലാ പാപഭാരവുമേറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ കുന്തി മാത്രമാണോ. എന്റെ ഈ ജന്മത്തിന്‌ കാരണഭൂതനായ മറുപകുതി ആരാണ്? കൗമാരക്കാരിയായ കുന്തിയെ പ്രലോഭിപ്പിച്ച് ഉദരത്തിൽ ഞാനെന്ന ജന്മത്തെ സമ്മാനിച്ച കുന്തിഭോജന്റെ സൂതൻ. സൂര്യനെപ്പോലെ ശോഭയുണ്ടായിരുന്ന ആ തേരാളിയും ഇതിന് ഉത്തരവാദിയല്ലേ. അതോ പുരുഷനായിപ്പിറന്നവൻ ചെയുന്ന തെറ്റുകൾ ഏറ്റെടുക്കേണ്ടതില്ല എന്നതാണോ പ്രകൃതിയുടെ നിയമം. ശരിക്കും കുന്തി ഒരു ഇരയായിരുന്നില്ലേ. സ്വന്തം മകനായ ഈയുള്ളവന്റെ മുമ്പിൽപ്പോലും തലതാഴ്ത്തപ്പെട്ട് നിൽക്കേണ്ടി വന്നവൾ. ഞാൻ വെറുക്കുന്നത് ആ മനുഷ്യനെയാണ്. ഒരു പാവം പെണ്ണിന്റെ ചപലതയെ മുതലെടുത്ത എന്റെ പിതാവിനെ. ജന്മരഹസ്യം ചുരുളഴിച്ചപ്പോൾപ്പോലും കുന്തി ആ മനുഷ്യനെപ്പറ്റി ഒന്നും പറഞ്ഞില്ല. ഒരുപക്ഷേ അവരും അയാളെ വെറുക്കുന്നുണ്ടാവണം. വേണ്ട, അറിയേണ്ട, ആ മുഖം മേലിൽ കാണുകയും വേണ്ട. ഒരുപക്ഷേ, എനിക്ക് ക്ഷമിക്കുവാൻ കഴിഞ്ഞെന്ന് വരില്ല. ഇത്രനാളും മകനെ തേടിയെത്താത്ത ഒരച്ഛനെ ഇനി കാണാനും ആഗ്രഹമില്ല. ഇത്രകാലം എന്നെ പരിപാലിച്ച അതിരഥനാണ് എന്റെ താതൻ. ബാക്കിയെല്ലാം എന്റെ വിധിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.”

വിചാരങ്ങളിൽനിന്നും ഉണർന്ന് നിശബ്ദനായി പിന്തിരിഞ്ഞു നോക്കിയപ്പോൾ താൻ മൗനത്തിന്റെ വാത്മീകത്തിനുള്ളിൽ എന്നും തനിച്ചാണെന്ന് അവൻ തിരിച്ചറിഞ്ഞു. താൻ അനേകം രഹസ്യങ്ങളുടെ ജീവിക്കുന്ന സ്മാരകമാണെന്ന സത്യം ആ മനുഷ്യനെ ആകെ ഉലച്ചുകളഞ്ഞിരിക്കാം. അൽപ്പമകലെയായി ആരോ തങ്ങളുടെ പിതൃക്കൾക്കായി സമർപ്പിച്ച തർപ്പണത്തിന്റെ അവശിഷ്ടങ്ങൾ മണലിൽ ചിതറിക്കിടക്കുന്നു. അതിലേക്ക് നോക്കി അയാൾ വീണ്ടും ചിന്തകളുടെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടു.
“ഒരു പുത്രന്റെ മനോവിചാരങ്ങൾ അമ്മ അറിയുന്നുണ്ടാവണം. മുലപ്പാലൂട്ടിയില്ലെങ്കിലും ഞാൻ മകനും അവിടുന്ന് എന്റെ മാതാവുമല്ലേ. അതുകൊണ്ട് തന്നെ എന്റെ ഹൃദയം പറയുന്നത് അവിടുന്ന് കേൾക്കുന്നുണ്ടാവണം. കുരുക്ഷേത്രയുദ്ധത്തിന്റെ ഒടുവിൽ ഞാൻ ഇല്ലാതെയാവുകയാണെങ്കിൽ, എന്റെ സഹോദരന്മാരുടെ കരങ്ങളാൽ എനിക്കും തർപ്പണം ചെയ്യണം. പാണ്ഡവരുടെ ജ്യേഷ്ഠസ്ഥാനം നൽകണമെന്നില്ല. ഒരു യോദ്ധാവായി പരിഗണിച്ചെങ്കിലും മരണാനന്തരക്രിയകൾ ചെയ്താൽ മൃത്യുവിനപ്പുറമെങ്കിലും ആത്മാവ് ശാന്തമാകും. ഒരു ജന്മം മുഴുവൻ അവഗണനകൾ മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവന്റെ ഒരേയൊരു ആഗ്രഹമാണ്. സ്വന്തം മാതാവിന്റെ മടിയിൽ തലചായ്ക്കാൻ കഴിയാത്ത ഒരു ഭാഗ്യദോഷിയുടെ മോഹമാണ്… ഈ യുദ്ധത്തിൽ എനിക്ക് പോരാടിയെ പറ്റൂ. എന്റെ ശരമേറ്റ് പാണ്ഡവരിൽ ഒരുവന് പോലും ഒന്നും സംഭവിക്കരുതെന്ന ആഗ്രഹത്തോടെ ഞാൻ പൊരുതും. അവർക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുവാൻ മാത്രമേ ഈ ജ്യേഷ്ഠന് സാധിക്കുകയുള്ളു. യുദ്ധഭൂമിയിൽ എതിര്നിൽക്കുന്നത് സ്വന്തം രക്തമാണെങ്കിൽപ്പോലും കൈവിറയ്ക്കാതെ പോരാടുക എന്നതാണ് യുദ്ധധർമ്മം. കുന്തിഭോജന്റെ വളർത്തുപുത്രിയായ കുന്തിയുടെ പുത്രൻ ഹസ്തിനപുരത്തെ സൂതന്റെ കരങ്ങളിൽ എത്തിച്ചേർന്നത് വിധിയെങ്കിൽ, ഇതിന്റെ അവസാനവും എന്നേ തീരുമാനിക്കപ്പെട്ടിരിക്കുന്നു. സ്വജനങ്ങൾക്കെതിരെ ശത്രുവിനെപ്പോലെ പോരടിക്കുക എന്നത് എനിക്കായ് കാലം കരുതിവെച്ച നിയോഗമാവാം, മോക്ഷത്തിലേക്കുള്ള എന്റെ പാതയാവാം. വിധിയുടെ മുൻപിലെ ഒരു കളിപ്പാവമാത്രമായ മനുഷ്യനാണ് കർണ്ണൻ. അതുകൊണ്ട് ഞാൻ അവസാനം വരെ എതിർത്തുനിൽക്കും, ഒടുവിൽ മൃത്യുവിന്റെ രഥം എനിക്കുമുന്പിൽ വന്നുനിൽക്കും വരെ. ബന്ധങ്ങളുടെ കേടുപാടുകൾ എന്നെ തളർത്തിക്കളയുമോയെന്ന ബോധം ഉള്ളിൽ നിഴലിക്കുന്നു. എങ്കിലും പിന്തിരിയാൻ മനസ്സിലെ ധർമ്മബോധം അനുവദിക്കുന്നില്ല. മുൻപിലേക്ക് പോവുകതന്നെ ചെയ്യണം. നേരം പുലർന്നിരിക്കുന്നു, കുരുക്ഷേത്രഭൂമിയിലേക്ക് ആഗതമാവാൻ സമയമാകുന്നു.”

നനവാർന്ന മണലിൽ കൈകളമർത്തി കർണ്ണൻ മെല്ലെ എഴുനേറ്റു. രാവ് പകർന്ന കുളിരിനെ സൂര്യതാപം അലിയിച്ചുകളഞ്ഞിരിക്കുന്നു. നിലയ്ക്കാതെയൊഴുകുന്ന ഗംഗാനദിയെ സാക്ഷിയാക്കി കർണ്ണൻ പറഞ്ഞു, “യുദ്ധഭൂമിയിൽ ഞാൻ ക്ഷേത്രീയനായ പാണ്ഡവസഹോദരനല്ല… കൗന്തേയനല്ല, സൂതപുത്രനായ വൈകർത്തനനാണ്… രാധേയനാണ്… ദുര്യോധനന്റെ ഉറ്റമിത്രമായ അംഗേശനായ കർണ്ണനാണ്. എനിക്കുമുന്പിൽ മറ്റ് പോംവഴികളില്ല. മരണമാണ് ഒരു കാൽച്ചുവടിനപ്പുറമെങ്കിലും അത് സന്തോഷത്തോടെ ഞാൻ ഏറ്റുവാങ്ങും. ഇത് രാധേയനായ കർണ്ണന്റെ ധർമ്മമാണ്.”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗംഗയുടെ ഓളങ്ങളെ വകഞ്ഞുമാറ്റി ഒരിക്കൽക്കൂടി മുങ്ങിനിവർന്ന് കർണ്ണൻ തീരത്തേക്ക് കയറി. പൂഴിമണലിൽ പതിഞ്ഞ കുന്തിയുടെ കാൽപ്പാടിൽ തൊട്ടുവന്ദിച്ച് മനസ്സിൽ “അമ്മേ” എന്ന് ഉരുവിട്ടു. കിഴക്കൻ ചക്രവാളത്തിലേക്ക് ഒരുമാത്ര നോക്കിയിട്ട് തന്റെ അശ്വത്തെ ലക്ഷ്യമാക്കി അയാൾ നടന്നു. ഹൃദയം കത്തിയെരിഞ്ഞ് നോവുമ്പോഴും അചഞ്ചലമായ മിഴികളുമായി, ഉറച്ച കാലടികൾ വെച്ച് കർണ്ണൻ നടന്നകന്നു. പിന്നിൽ, വരും തലമുറകളുടെയും പാപഭാരങ്ങൾ വഹിക്കുവാൻ സന്നദ്ധയായി പാപനാശിനിയായ ഗംഗ നിലയ്ക്കാതെ ഒഴുകുന്നു.

ജോർജ്ജ് മറ്റം

യഥാർഥ പേര് ജോർജ്ജ് പി മാത്യു.
തിരുവല്ല മാർത്തോമ കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാനായി പ്രവർത്തിച്ചു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളിലും കവിതാ രചന, കവിതാ പാരായണം, മിമിക്രി തുടങ്ങിയ ഇനങ്ങളിലും, കവിയരങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ തട്ടാരമ്പലം (മറ്റം) സ്വദേശി ആണ്.

 

ചിത്രീകരണം : അനുജ . കെ

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.