ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗ്രാൻഡ്സ്ലാം കിരീടം നേടി ബ്രിട്ടന്റെ യശസ്സുയർത്തിയ എമ്മ റാഡുകാനു ബിബിസി സ്‌പോർട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ. ഈ നേട്ടം അഭിമാനകരമാണെന്നും സ്പോർട്സ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ ജേതാക്കളിൽ ഒരാൾ ആകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും എമ്മ പ്രതികരിച്ചു. ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാക്കളായ ഡൈവർ ടോം ഡെയ്‌ലി, നീന്തൽ താരം ആദം പീറ്റി എന്നിവരെ പിന്തള്ളിയാണ് എമ്മ പുരസ്‌കാരം നേടിയത്. പൊതു വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. 44 വർഷങ്ങൾക്കു ശേഷം വനിതാ സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടം നേടിയ ബ്രിട്ടീഷ് താരമാണ് എമ്മ. 1977-ൽ വിംബിൾഡൺ കിരീടം നേടിയ വിർജീനിയ വെയ്ഡാണ് ഇതിനു മുമ്പ് ബ്രിട്ടനിനായി ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരം. കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപിച്ചായിരുന്നു എമ്മയുടെ ചരിത്ര വിജയം. ലോക റാങ്കിങ്ങിൽ നിലവിൽ 19-ാം സ്ഥാനത്താണ് എമ്മ.
വൈൽഡ് കാർഡ് എൻട്രിയിലൂടെ തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെന്റ് കളിച്ച എമ്മ, നാലാം റൗണ്ട് മത്സരത്തിനിടെ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് പിന്മാറിയിരുന്നു. ഒരു മാസത്തിനപ്പുറം യു.എസ് ഓപ്പൺ കിരീടം നേടിക്കൊണ്ട് ആ 19-കാരി ബ്രിട്ടന്റെ അഭിമാനമായി. തന്റെ രണ്ടാം ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ തന്നെ കിരീടമണിഞ്ഞ എമ്മ, മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി.
കാനഡയിലാണ് എമ്മ ജനിച്ചത്. ടൊറൊന്റോയിലെ ഒണ്ടാരിയോയിലായിരുന്നു ജനനം. അച്ഛൻ റൊമാനിയക്കാരൻ ഇയാൻ റാഡുകാനു, അമ്മ ചൈനീസുകാരി റെനീ റാഡുകാനു. ഇരുവരുടെയും ഏക മകളാണ് എമ്മ. എമ്മയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് ഫിനാൻഷ്യൽ എക്സിക്യുട്ടീവ്സായ മാതാപിതാക്കൾ ബ്രിട്ടനിലേക്ക് താമസം മാറുന്നത്. പിന്നീട് 2007ൽ എമ്മ ടെന്നീസിലേക്ക് തിരിഞ്ഞു. ആൻഡി മുറെയുടെ ഭാര്യാപിതാവ് നിഗെൽ സിയേഴ്സായിരുന്നു എമ്മയുടെ ആദ്യ ടെന്നീസ് പരിശീലകൻ. അദ്ദേഹത്തിനു കീഴിൽ 2018-ലാണ് എമ്മ പ്രൊഫഷണൽ ടെന്നീസിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. അവിടെ നിന്നും മൂന്ന് വർഷങ്ങൾക്കിപ്പുറം ഗ്രാൻഡ്സ്ലാം കിരീടം കരസ്ഥമാക്കി നേട്ടത്തിന്റെ പടവുകൾ കയറുകയാണ് ഈ കൗമാര താരം.
Leave a Reply