ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പ്രതികൂട്ടിലാക്കി പുതിയ തെളിവുകള്‍ പുറത്ത്. കരാറില്‍ നിന്നും അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്ന പിഴ ഈടാക്കാനുമുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയതായി ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട പുതിയ രേഖകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ സമാന്തര ഇടപെടല്‍ നടത്തിയതായി രേഖകള്‍ പുറത്തുവന്ന ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ തെളിവുകളും ദി ഹിന്ദു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്നിരിക്കുന്ന രേഖകള്‍ ബി.ജെ.പി പാളയത്തെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. കരാറിന്റെ സമയത്ത് അഴിമതി വിരുദ്ധ ചട്ടങ്ങള്‍ നീക്കം ചെയ്ത കാര്യം സുപ്രീം കോടതിയില്‍ കേന്ദ്രം മറച്ചുവെച്ചിരുന്നു. റാഫേല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് കേന്ദ്രത്തെ വെട്ടിലാക്കി പുതിയ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.
കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല. ഇത് കമ്പനിക്ക് വലിയ ഗുണം ചെയ്യുന്നതാണ്. അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ ബി.ജെ.പി റാഫേല്‍ കരാറില്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടുവെന്ന റിപ്പോര്‍ട്ട് കേന്ദ്രം തള്ളിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധ സെക്രട്ടറി നല്‍കിയ വിയോജനക്കുറിപ്പ് ഒരു ഭാഗം മാത്രമാണെന്നും സത്യം അതല്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. സി.ഐ.ജി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശേഷം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെക്കുമെന്നാണ് സൂചന.
Leave a Reply