ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ചേതേശ്വർ പൂജാരയുടേയും അജിൻകെ രഹാനയുടേയും സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് എന്ന നിലയിലാണ്.
കോളംബോ ടെസ്റ്റിൽ ടോസ് നേടിയ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ലോകേഷ് രാഹുലും ധവാനും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 56 നിൽക്കെ 35 റൺസ് എടുത്ത ധവാൻ മടങ്ങിയെങ്കിലും രാഹുൽ ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു. വലങ്കയ്യൻ സ്പിന്നർ ദിൽറുവൻ പെരേരയാണ് ധവാന്റെ വിക്കറ്റ് വീഴ്ത്തിയത്. തുടർച്ചായ ആറാം സെഞ്ചുറി നേടിയ രാഹുൽ തിരിച്ചുവരവ് ഗംഭീരമാക്കി. എന്നാൽ സ്കോർ 109ൽ നിൽക്കെ അനാവശ്യ റണ്ണിനോടി രാഹുൽ(57) റണ്ണൗട്ടായി.
13 റൺസ് എടുത്ത വിരാട് കോഹ്‌ലി രംഘന ഹെരാത്തിന് മുന്നിൽ വീണതോടെ ഇന്ത്യ പതറി.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ചേതേശ്വർ പൂജാരയും അജിൻകെ രഹാനയും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. പതിമൂന്നാം സെഞ്ചുറി നേടിയ പൂജാര അർജുന അവാർഡ് നേട്ടം ആഘോഷമാക്കി. 225 പന്തിൽ നിന്ന് 128 റൺസാണ് പൂജാര നേടിയത്. 10 ഫോറുകളും 1 സിക്സറും അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്ങ്സ്. ആദ്യ ടെസ്റ്റിലെ ഫോം പിന്തുടർന്ന രഹാനെ 168 പന്തിൽ നിന്നാണ് 103 റൺസ് നേടിയത്. ടെസ്റ്റ് കരിയറിലെ രഹാനയുടെ ഒമ്പതാം സെഞ്ചുറിയാണ് ഇന്നത്തേത്.
Leave a Reply