ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ മരിക്കുമ്പോള്‍ യോഗ ചെയ്യാനാവശ്യപ്പെടുന്നയാളാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വന്‍കിട മുതലാളിമാരുമായിട്ടാണ് പ്രധാനമന്ത്രിയുടെ ചങ്ങാത്തമെന്നും രാഹുല്‍ പറയുന്നു.
മോഡിയുടെ മായയിലാണ് ഇന്ത്യ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ആധുനിക യുഗത്തിലെ കൗരവരാണ് ബി.ജെ.പിക്കാരെന്നും രാഹുല്‍ ഗാന്ധി പറയുന്നു. രാജ്യത്ത് കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ്-ബിജെപി സഖ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചു.
അതേസമയം കോണ്‍ഗ്രസിനെ സ്വയം വിമര്‍ശനത്തിന് വിധേയമാക്കാനും രാഹുല്‍ ഗാന്ധി തയ്യാറായി. കഴിഞ്ഞ യുപിഎ സര്‍ക്കാരിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഒരു അദൃശ്യ മതിലുണ്ട്. അത്തരം മതിലുകള്‍ തകര്‍ക്കുകയാണ് പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply