ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത കേസില്‍ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. കൊച്ചി സിറ്റി പോലീസ് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ കൈമുറിച്ച് ചോര വീഴ്ത്തി നടയടയ്ക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

കൊച്ചി സ്വദേശി പ്രമോദ് നല്‍കിയ പരാതിയിലാണ് നിയമ നടപടി.രാഹുല്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ചെറിയൊരു അംശം മാത്രമാണ് പുറത്തുവന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

എറണാകുളത്ത് പത്രസമ്മേളനത്തിലാണ് രാഹുല്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ നിലപാടില്‍ നിന്ന് രാഹുല്‍ പിന്മാറിയിരുന്നു. രക്ത ചൊരിച്ചിലിന് തയ്യാറായി ചിലര്‍ ശബരിമലയിലുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അവരോട് ഗാന്ധിമാര്‍ഗ്ഗം ഉപദേശിച്ചെന്നുമാണ് രാഹുല്‍ പിന്നീട് നിലപാടു മാറ്റിയത് .