കോണ്‍ഗ്രസിനെ നയിക്കാനില്ലെന്ന് വ്യക്തമാക്കി രാജിക്കത്ത് പുറത്തുവിട്ട് രാഹുല്‍ഗാന്ധി. പ്രവര്‍ത്തകസമിതിയില്‍ രാജിപ്രഖ്യാപിച്ച് 39–ാം ദിവസമാണ് നേതാക്കളെ ഞെട്ടിച്ചുള്ള രാഹുലിന്റെ നീക്കം. തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പല ഘട്ടങ്ങളിലും ഒറ്റയ്‍ക്കായിരുന്നുവെന്ന് നേതാക്കളെ ഉന്നംമിട്ട് രാഹുല്‍ രാജിക്കത്തില്‍ തുറന്നടിച്ചു.

കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സന്നദ്ധതയല്ല. രാജി തന്നെയെന്നു തീർത്തു പറഞ്ഞ് രാഹുൽ. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ രാജിസന്നദ്ധത അറിയിച്ച രാഹുൽ 39 ദിവസം പിന്നിടുമ്പോഴാണ് രാജി പ്രഖ്യാപിച്ചത്. തന്റെ ജീവരക്തം കോൺഗ്രസാണ്. പാർട്ടിയുടെ പുനർനിർമാണത്തിനു കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്ന് ട്വിറ്ററിലൂടെ പുറത്തു വിട്ട രാജിക്കത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർട്ടി അധ്യക്ഷ പദവിയിലേക്ക് താൻ ഒരാളെ നിർദേശിക്കില്ല. ഒട്ടും വൈകാതെ പാർട്ടി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണം.

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ തന്നെ തിരഞ്ഞെടുപ്പ് സമയത്ത് ഒറ്റക്ക് പോരാടിയതിൽ അഭിമാനിക്കുന്നുവെന്നു പറഞ്ഞ് നേതാക്കളെ പരോക്ഷമായി വിമർശിക്കുകയാണ് രാഹുൽ.

ബിജെപി എന്ന സംഘടനയോട് വിദ്വേഷമില്ല. പക്ഷേ അവരുടെ ആശയത്തോട് തന്റെ ശരീരത്തിലെ ഓരോ അണുവും പോരാടും. രാജ്യത്തെ ഭരണഘടന ആക്രമിക്കപ്പെടുന്നു. അതിനെതിരായ പോരാട്ടത്തിൽ നിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടില്ല. രാജിക്കത്ത് പുറത്തു വിട്ടതിനു പിന്നാലെ ട്വിറ്റർ പേജിൽ നിന്ന് കോൺഗ്രസ്‌ അധ്യക്ഷൻ എന്നെഴുതിയത് രാഹുൽ നീക്കം ചെയ്തു.