ബിനോയി ജോസഫ്, നോർത്ത് ലിങ്കൺഷയർ

ഭാരതാംബയുടെ ധീരപുത്രിയായ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ നിറതോക്കുകളുടെ ഗർജനത്താൽ രക്തസാക്ഷിത്വം വരിക്കുമ്പോൾ രാഹുലിന് പ്രായം വെറും 14 വയസ്. ഭാരതത്തിന്റെ മനസാക്ഷിയെ നടുക്കിയ തന്റെ മുത്തശിയായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ തീവ ദു:ഖത്തിലൂടെ ആ കുരുന്നു മനസ് കടന്നു പോയി. തന്നെ ലാളിച്ചു വളർത്തിയ മുത്തശിയുടെ ജീവനറ്റ ശരീരത്തിന് മുൻപിൽ തന്റെ പിതാവിന്റെ മാതാവിന്റെയും കരം ഗ്രഹിച്ച് വിങ്ങിപ്പൊട്ടിയ രാഹുൽ ഇന്ത്യൻ ജനതയുടെ വേദനയുടെ ഭാഗമായി മാറി. തങ്ങളുടെ വഴികാട്ടിയും കുടുംബത്തിന്റെ പ്രകാശവുമായിരുന്ന ഇന്ദിരഗാന്ധിയുടെ മരണത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ തന്റെ പിതാവിന്റെ അകാല മൃത്യുവിനും രാഹുൽ ഗാന്ധി സാക്ഷ്യം വഹിച്ചു. ശ്രീ പെരമ്പദൂരിൽ ചാവേറാൽ ഛിന്നഭിന്നമാക്കപ്പെട്ട ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ ചിതയ്ക്ക് അഗ്നി പകർന്നപ്പോൾ രാഹുലിൽ 21 വയസ് പ്രായം. ആ കരങ്ങൾ ഇന്ന് ഇന്ത്യൻ ജനതയുടെ ആശയും ആവേശവുമാകുന്നു.

വെല്ലുവിളികൾ നിറഞ്ഞ ചെറുപ്പകാലം രാഹുലിനു നല്കിയത് വിലയേറിയ ജീവിതാനുഭവങ്ങൾ ആയിരുന്നു. ഡെറാഡൂണിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഹോം സ്‌കൂളിംഗിലേയ്ക്ക് പിന്നീട് രാഹുലിനെ മാറ്റേണ്ടി വന്നു. ഫ്ളോറിഡയിലെ റോളിൻസ് കോളജിൽ പഠിച്ചത് മറ്റൊരു പേരിലായിരുന്നു, അതും സുരക്ഷയുടെ പേരിൽ. കേംബ്രിഡ്ജിലും ഹാർവാർഡിലും റോളിൻസിലും പഠിച്ച രാഹുൽ ഇന്റർനാഷണൽ റിലേഷൻസിലും ഡെവലപ്മെന്റ് സ്റ്റഡീസിലും ഡിഗ്രികൾ കരസ്ഥമാക്കി. ഏതാനും വർഷങ്ങൾ ലണ്ടനിൽ ജോലി ചെയ്ത രാഹുൽ ഗാന്ധി സ്വന്തമായി ഒരു കമ്പനി ആരംഭിക്കുകയും ചെയ്തു. നാഷണൽ സ്റ്റുഡൻസ് യൂണിയനിലും യൂത്ത് കോൺഗ്രസിലും സജീവമായി പ്രവർത്തിച്ച രാഹുൽ ഗാന്ധി 2004 ൽ മുഴുസമയ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയും അമേത്തിയിൽ നിന്ന് പാർമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. 2009 ലും 2014ലും അതേ മണ്ഡലത്തിൽ നിന്ന് പാർലമെൻറിലെത്തിയ അദ്ദേഹം 2013ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി. നാലു വർഷങ്ങൾക്കു ശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം തന്റെ മാതാവായ സോണിയാ ഗാന്ധിയിൽ നിന്നും ഏറ്റെടുത്തു.

ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും നെഹ്റു കുടുംബം നിറഞ്ഞു നിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഭാരതത്തിന്റെ ഉയിർത്തെഴുന്നേല്പിലും ഭരണതന്ത്രജ്ഞതയും രാഷ്ട്ര ബോധവും നേതൃത്വപാടവവും പ്രകടിപ്പിച്ച നേതാക്കളെ രാജ്യത്തിന് സംഭാവന ചെയ്ത ഒരു കുടുംബത്തിലെ ഇളം തലമുറയുടെ പ്രതിനിധിയായ രാഹുൽ ഗാന്ധി  രാഷ്ട്രീയ പാരമ്പര്യത്തിനപ്പുറം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്. കോളനി വാഴ്ച്ചയ്ക്ക് അന്ത്യം കുറിച്ച് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ ചോദ്യങ്ങൾ ഏറെ മുന്നിലുണ്ടായിരുന്നു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുക എന്ന ദൗത്യവും ഭരണ നിയമ വ്യവസ്ഥകൾ നടപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും തകർന്നടിഞ്ഞ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുക എന്ന പ്രധാന കടമയും ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ഏറ്റെടുത്തു. വിദേശ ശക്തികളുടെ ഭീഷണികളിൽ നിന്ന് രാജ്യത്തിന്റെ പരമാധികാരം കാക്കാൻ ധീരമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദിരാ പ്രിയദർശിനിയുടെ യുഗത്തിൽ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് ഭാരതം ആനയിക്കപ്പെട്ടു.

വിധ്വംസക പ്രവർത്തനങ്ങളും മതേതരത്വത്തിനെതിരായ ഭീഷണികളും ഉയർന്നു വന്ന കാലഘട്ടത്തിൽ രാജീവ് ഗാന്ധി എന്ന യുവ പ്രധാനമന്ത്രി ഇന്ത്യയെ നയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്തേക്ക് ഇന്ത്യയെ നയിച്ച രാജീവ് ഗാന്ധി ലോക നേതാക്കളിൽ തലയെടുപ്പോടെ വിരാജിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ജീവനുകൾ രാജ്യത്തിന്നായി പൊലിഞ്ഞപ്പോൾ ഭാരതമാകെ നെഹ്റു കുടുംബത്തിലെ ഒരംഗത്തിന്റെ വരവിനായി കാത്തിരുന്നു എന്നത് ഒരു യഥാർത്ഥ്യമാണ്. വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും മതങ്ങളും നാനാത്വത്തിലെ ഏകത്വവും ഭാരതാംബയെ മനോഹരിയാക്കുമ്പോൾ, ആ ജനതയെ നയിക്കാൻ മതേതര വാദിയായ ദീർഘവീക്ഷണമുള്ള,  ജനാധിപത്യ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഒരു പാരമ്പര്യത്തിനേ കഴിയൂ എന്നതിന് ചരിത്രം തന്നെ സാക്ഷി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാല്യകാലം മുതൽ മാദ്ധ്യമ ദൃഷ്ടിയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിയ്ക്ക് സ്വകാര്യത എന്നത് കിട്ടാക്കനിയായിരുന്നു. ഇത്രയധികം സുരക്ഷാ ഭീഷണിയും അതിനിശിതമായ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ഒരു യുവാവ് ആധുനിക ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഒരടിസ്ഥാനവുമില്ലാതെ വളഞ്ഞിട്ടാക്രമിക്കപ്പെട്ട ആ വ്യക്തിത്വം ഓരോ ദിനവും കഴിയുമ്പോഴും കൂടുതൽ പ്രശോഭിതമായി. മുളയിലേ നുള്ളാൻ വെമ്പുന്ന ശക്തികൾക്കെതിരെ സൗമ്യമായി പുഞ്ചിരിയോടെ പോരാടിയ രാഹുൽ ഗാന്ധി എന്ന യുവത്വം പിന്നിട്ട വെല്ലുവിളികൾ ചെറുതല്ല. ഇന്ത്യൻ യുവതയുടെ പ്രതീകമായി ഉയർന്ന രാഹുൽ ഗാന്ധിയെ മുതിർന്ന നേതാക്കളെന്ന് സ്വയം കരുതുന്നവർ പോലും വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വിമർശിച്ചപ്പോഴും അതിനെ കണ്ടില്ലെന്ന് നടിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിത്തറ കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.

ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിച്ച് ഭാരത ജനതയുടെ ആത്മാവിനെ അടുത്തറിഞ്ഞ് നാളേയ്ക്കുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ രാഹുലിന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ, ഏറ്റവും പാരമ്പര്യമുള്ള  രാഷ്ട്രീയപ്പാർട്ടിയുടെ അമരക്കാരനായി രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന രാഹുൽ ഗാന്ധി എന്ന സ്വരം അനേകം യുവഹൃദയങ്ങൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കിറങ്ങി രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ ഭാഗമാകാൻ പ്രചോദനമായി.

ദേശസ്നേഹവും രാജ്യതന്ത്രജ്ഞതയും നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ അച്ചടക്കത്തോടെ വളർന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ രാഹുൽ ഗാന്ധി ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയ കരുത്തിന്റെ പിൻബലവുമായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയങ്ങളുടെ കൂട്ടായ്മയെ നയിക്കുന്നത്. ആയിരക്കണക്കിന് തലമുതിർന്ന നേതാക്കന്മാർക്ക് നിർദ്ദേശങ്ങൾ നല്കാനും അച്ചടക്കത്തോടെ പാർട്ടിയെ മുന്നോട്ട് നയിക്കാനും രാഹുൽ ഗാന്ധി കാണിക്കുന്നത് അസാമാന്യമായ പാടവമാണ്.

സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ രാഷ്ട്രീയ പ്രബുദ്ധതയുടെ പാഠങ്ങൾ രാജ്യത്തിന് പകർന്നു നല്കി, ലക്ഷ്യം നേടാൻ സധീരം മുന്നേറുന്ന രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും ലോകജനത സസൂക്ഷ്മം വീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സമൂഹത്തിൽ ഊർജമായി പടരുന്നു. സോഷ്യൽ മീഡിയയും ആധുനിക സാങ്കേതിക വിദ്യകളും മാനേജ്മെൻറ് തന്ത്രങ്ങളും തന്റെ വ്യക്തിപ്രഭാവവും വേണ്ട വിധം ഉപയോഗിച്ച് ജനങ്ങളിലേയ്ക്കും പ്രവർത്തകരിലേയ്ക്കും ഇറങ്ങി രാജ്യത്ത് ആവേശത്തിന്റെ തിരമാലകൾ സൃഷ്ടിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ സാന്നിധ്യം പകരുന്ന പ്രചോദനത്താൽ ഇന്ത്യയുടെ യുവത്വം രാജ്യത്തെ വീണ്ടെടുക്കാൻ കൈകോർക്കുന്നു. അടുത്ത പിറന്നാൾ രാഹുൽ ഗാന്ധി ആഘോഷിക്കുമ്പോൾ അത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമായി ഭാരത ജനത ആഘോഷിക്കുന്നതിനുള്ള സാധ്യത അതിവിദൂരമല്ല.  മെയ് 23 ന് ഭാരത ജനത വിധി പ്രഖ്യാപിക്കുമ്പോൾ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി അവരോധിക്കപ്പെടാനുള്ള സാധ്യത ആർക്കും തള്ളിക്കളയാവുന്നതല്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ച രാജ്യത്തിന്റെ അമരക്കാരനാകാൻ രാഹുൽ ഗാന്ധി തയ്യാറെടുത്തു കഴിഞ്ഞു.