തിരുവനന്തപുരം: തെരെഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ പര്യടനത്തിനായി മാര്‍ച്ച് 13ന് കേരളത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. 14ന് രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ സംബന്ധിക്കും. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവഹിച്ച വയനാട് സ്വദേശിയായ വീരസൈനികന് വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. അതിനുശേഷം രാഹുല്‍ഗാന്ധി പെരിയയില്‍ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്മാരുടെ മേല്‍നോട്ടത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി,എഐസിസി ജനറല്‍ സെക്രട്ടിമാരായ മുകുള്‍ വാസനിക്, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Leave a Reply