ഹഥ്രാസിൽ മരിച്ച ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരേയും കരുതൽ കസ്റ്റയിലിലെടുത്തതായി യുപി പോലീസ് പറഞ്ഞു.

ഹഥ്രാസിലേക്ക് യാത്ര തിരിച്ച തങ്ങളോട് പോലീസ് പെരുമാറുന്നത് ദാക്ഷിണ്യമില്ലാതെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാത്രാമധ്യേ പോലീസുകാർ തങ്ങളോട് ക്രൂരമായി പെരുമാറിയതായും ലാത്തിച്ചാർജ്ജ് നടത്തിയതായും രാഹുൽ പറഞ്ഞു. പോലീസുകാർ തന്നെ തള്ളി നിലത്തിട്ടെന്നും ലാത്തിച്ചാർജ്ജ് നടത്തിയെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു.

‘ഇപ്പോൾ പൊലീസുകാർ എന്നെ തള്ളിമാറ്റി. ലാത്തിചാർജ് നടത്തി. എന്നെ നിലത്തേക്ക് തള്ളിയിട്ടു. മോഡി ജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാൻ കഴിയുകയുള്ളൂ എന്നാണോ, സാധാരണക്കാരന് ഇവിടെ ഇറങ്ങി നടക്കാൻ കഴിയില്ലേ, ഞങ്ങളുടെ വാഹനം തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ നടക്കാൻ തീരുമാനിച്ചത്. ഹാഥ്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങിപ്പോകില്ല’-രാഹുൽ പറഞ്ഞു. കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുൻപായിരുന്നു രാഹുലിന്റെ പ്രതികരണം.

അതേസമയം, ഹഥ്രാസിൽ ബലാത്സംഗത്തിനിരയായി മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യുപി പോലീസ് യമുന എക്‌സ്പ്രസ് ഹൈവേയിൽ തടഞ്ഞിരുന്നു. പിന്നീട് നടന്നിട്ടാണെങ്കിലും ഹഥ്രാസിൽ എത്തുമെന്ന് ചൂണ്ടിക്കാണിച്ച് പ്രവർത്തകർക്കൊപ്പം ഇരുവരും നടക്കാൻ തീരുമാനിക്കുകയായിരുന്നു.

യുപിയിലൊട്ടാകെ തന്നെ യോഗി സർക്കാർ വലിയ രീതിയിലുള്ള പ്രതിരോധം തീർത്തിരിക്കുകയാണ്. ഹഥ്രാസ് ജില്ലയിൽ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങൾ അടക്കമുള്ളവർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.