ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം വിവേചനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേത് ഒഴികെയുള്ള പാസ്‌പോര്‍ട്ടിന്റെ പുറംചട്ട കടും നീലയാണ്.
എമിഗ്രേഷന്‍ ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനാണ് തീരുമാനം. ബി.ജെ.പിയുടെ വിവേചനം പ്രകടമാക്കുന്നതാണ് പുതിയ നടപടിയെന്നും ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി ചീത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എമിഗ്രേഷന്‍ ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ടുകളുടെ പുറംചട്ട നേരത്തെയുള്ളതുപോലെ കടും നീല നിറത്തില്‍ തന്നെ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
Leave a Reply