ഈ വര്‍ഷത്തെ ഗ്രേറ്റ് ബ്രിട്ടീഷ് ബേക്ക് ഓഫ് റിയാലിറ്റി ഷോയില്‍ വിജയിയായത് ഇന്ത്യന്‍ വംശജനായ യുവ ശാസ്ത്രജ്ഞന്‍. റോത്തര്‍ഹാമില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി ഡോ.രാഹുല്‍ മണ്ഡല്‍ ആണ് ബേക്ക് ഓഫില്‍ വിജയിയായത്. സമ്മറില്‍ നടന്ന സീരീസിന്റെ ഫലങ്ങള്‍ ഇപ്പോളാണ് പ്രഖ്യാപിച്ചത്. റൂബി ഭോഗല്‍, കിം-ജോയ് എന്നിവരെ പിന്തള്ളിയാണ് രാഹുല്‍ ചാംപ്യനായത്. ഡോനട്ട് ഉണ്ടാക്കാനും ഓപ്പണ്‍ ഫയറില്‍ ബ്രെഡ് ഉണ്ടാക്കാനും ഒരു എഡിബിള്‍ ലാന്‍ഡ്‌സ്‌കേപ്പ് നിര്‍മിക്കാനുമായിരുന്നു രാഹുലിനോട് അവസാന റൗണ്ടില്‍ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന താനിക്ക് ഡോനട്ട് കഴിക്കാനോ മുമ്പ് അത് തയ്യാറാക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ ചാലഞ്ച് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ തനിക്ക് ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ജെ.കെ.റൗളിംഗ് ഉള്‍പ്പെടെയുള്ളവരാണ് തനിക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് എത്തിയ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഇരുന്നാണ് താന്‍ ഫൈനല്‍ കണ്ടതെന്നും രാഹുല്‍ പറഞ്ഞു. ബേക്ക് ഓഫ് തനിക്ക് പുതിയ കുടുംബത്തെയാണ് നല്‍കിയിരിക്കുന്നതെന്നും ഷോയില്‍ എല്ലാവരും തനിക്ക് പിന്തുണ നല്‍കിയെന്നും രാഹുല്‍ വ്യക്തമാക്കി. ഏഴു വര്‍ഷം മുമ്പാണ് ലോഗ്ബറോ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി സ്‌കോളര്‍ഷിപ്പോടെ രാഹുല്‍ യുകെയില്‍ എത്തിയത്. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡിന്റെ ന്യൂക്ലിയര്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് റിസര്‍ച്ച് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു ശാസ്ത്രജ്ഞന്‍ എന്ന ജോലിയെ താന്‍ ഇഷ്ടപ്പെടുന്നു. അതേസമയം ബേക്കിംഗ് എന്നത് ഫിസിക്‌സിന്റെയും കെമിസ്ട്രിയുടെയും എന്‍ജിനീയറിംഗിന്റെയും സമ്മേളനമാണ്. അനുപാതങ്ങള്‍ കൃത്യമാക്കിയാലേ ഫലം മികച്ചതാകൂ. അതു തന്നെയാണ് ശാസ്ത്രത്തിലും സംഭവിക്കുന്നതെന്ന് രാഹുല്‍ പറയുന്നു. ബിബിസിയില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന ഈ ഷോ 2016 മുതല്‍ ചാനല്‍ 4 ആണ് സംപ്രേഷണം ചെയ്യുന്നത്. ചാനലിന്റെ ഏറ്റവും വലിയ ഷോയാണ് ബേക്ക് ഓഫ്.