തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി മോദിയില്‍ ജനങ്ങള്‍ വളരെയധികം പ്രതീക്ഷവച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ പ്രതീക്ഷയെല്ലാം അദ്ദേഹം നഷ്ടപ്പെടുത്തി. കേരളത്തിലെ സര്‍ക്കാരിനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഓഖി ദുരന്തത്തിന് ഇരയായ ജനങ്ങളുടെ പരാതികള്‍ താന്‍ കേട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അസുഖംമൂലം ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരായ രൂക്ഷ വിമര്‍ശമാണ് പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി ഉന്നയിച്ചത്. കോണ്‍ഗ്രസ് വിദ്വേഷം പ്രചരിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല. രാജ്യത്തെ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നില്ല, അവയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ബി.ജെ.പി രാജ്യത്തെ ശക്തിപ്പെടുത്താനല്ല, ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനാല്‍ രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം ബി.ജെ.പിക്കെതിരെ അണിനിരക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടേണ്ടതുണ്ടോയെന്ന് അദ്ദേഹം ഇടത് പാര്‍ട്ടികളോട് ചോദിച്ചു. അവര്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നുവെങ്കില്‍ ദേശീയ തലത്തില്‍ അവര്‍ക്കെതിരെ പോരാടുന്നത് സംബന്ധിച്ച നിലപാട് സി.പി.എം വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ സംസ്ഥാനത്തെത്തിയ രാഹുല്‍ഗാന്ധി ഓഖി ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട തീരപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തിരുവനന്തപുരത്തെ വിഴിഞ്ഞത്തും പൂന്തുറയിലും കന്യാകുമാരി ജില്ലയിലെ തീരമേഖലകളിലുമാണ് രാഹുല്‍ നേരിട്ടെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തിയത്. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിലും പ്രത്യേക മന്ത്രാലയം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്നതിന് സമാനമായ ദുരിതമാണ് മത്സ്യത്തൊഴിലാളികള്‍ക്കും നേരിടേണ്ടി വരുന്നത്.

കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓഖി പോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ മുന്നറിയിപ്പ് സംവിധാനം വേണം. ഇത്തരം ദുരന്തങ്ങളില്‍നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാഠം പഠിക്കേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും രാഹുല്‍ പറഞ്ഞു.