ന്യുഡല്‍ഹി: ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ നിന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി. ജൂണ്‍ 13നാണ് ഇഫ്താര്‍ വിരുന്ന്. പ്രണബ് മുഖര്‍ജിക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ ശക്തമാകുന്ന കാലഘട്ടത്തില്‍ കെജ്രിവാളിനെ ഒഴിവാക്കിയതും ശ്രദ്ധേയമായി.
ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ ജൂണ്‍ 13നാണ് രാഹുലിന്റെ ഇഫ്താര്‍ വിരുന്ന്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയും ഇഫ്താറിലേക്ക് ക്ഷണിച്ചിട്ടില്ല. ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ നേതാക്കള്‍ നടത്തുക്ക ഇഫ്താര്‍ വിരുന്നുകള്‍ക്ക് രാഷ്ട്രീയ മാനം കൂടിയുണ്ട്. പുതിയ രാഷ്ട്രീയ സഖ്യങ്ങളുടെ സൂചനകള്‍ പോലും ഇത്തരം ഇഫ്താര്‍ വിരുന്നുകള്‍ രാജ്യതലസ്ഥാനത്ത് നിന്ന് നല്‍കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രമുഖരെ ഒഴിവാക്കിക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്.
കഴിഞ്ഞ വ്യാഴാഴ്ച ആര്.എസ്.എസിന്റെ നാഗ്പുരിലെ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്. ആര്.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഡേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന് എന്ന് വിശേഷിപ്പിച്ച പ്രണബ് ആര്.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ മറികടന്നാണ് ആര്.എസ്.എസിന്റെ പരിപാടിയില്‍ പ്രണബ് പങ്കെടുത്തത്.
Leave a Reply