നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പൊലീസ് റെയ്ഡ് പൂർത്തിയായി. കംപ്യൂട്ടർ ഹാർഡ് ഡിസ്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂർ നീണ്ടു. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മാതാപിതാക്കളെ പൊലീസ് വിളിച്ചു വരുത്തി.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥന്‍ ഉള്‍പ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് മിന്നല്‍ പരിശോധനയ്ക്കെത്തിയത്. നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. കോടതിയുടെ അനുമതിയോടെയായിരുന്നു റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘത്തിന്റെ പരിശോധന.

ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന്‍ അനൂപിന്റെ തോട്ടെക്കാട്ടുകരയിലുള്ള വീട്ടിലുമാണ് റെയ്ഡ് നടന്നത്. അന്വേഷണ സംഘം എത്തുമ്പോള്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നെങ്കിലും ഗേറ്റ് ചാടിക്കടന്ന് പൊലീസ് ഉള്‍പ്പടെയുള്ള സംഘം അകത്തു കടന്നു. തുടര്‍ന്ന് ഗേറ്റ് തുറന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാവരും അകത്തു കടന്നു. പിന്നീടു സഹോദരി എത്തി വീടു തുറന്നുനൽകി. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണു മൂന്നായി തിരിഞ്ഞു പരിശോധന നടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലാചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ വീട്ടിലെ പൊലീസ് പരിശോധന. പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു പൊലീസ് പരിശോധന.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന്‍ ദിലീപ് തന്റെ മുന്നില്‍ വച്ചു കണ്ടെന്നും കാണാന്‍ ക്ഷണിച്ചെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ഉള്‍പ്പടെ വധിക്കുന്നതിന് പദ്ധതിയിട്ടെന്നും വെളിപ്പെടുത്തല്‍ ഉണ്ടാകുകയും ഇതിന്റെ ഓഡിയോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സംവിധായകന്‍ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതെല്ലാം കാണിച്ച് ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു കത്തയച്ചതിനു പിന്നാലെയാണ് അന്വേഷണം ശക്തമായിരിക്കുന്നത്.