ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ജീവിത ചെലവ് വർദ്ധന മൂലം പ്രതിസന്ധി നേരിടുന്ന ജനങ്ങളെ സഹായിക്കുന്നതിനായി, ഇംഗ്ലണ്ടിലെ അടുത്ത വർഷത്തെ റെയിൽവേ നിരക്കുകളിലുള്ള വർദ്ധന പണപ്പെരുപ്പ നിരക്കിനേക്കാൾ കുറവായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗവൺമെന്റ്. കോവിഡ് മഹാമാരിക്ക് മുൻപ് സാധാരണയായി എല്ലാ വർഷവും ജനുവരിയിൽ ആണ് നിരക്ക് വർദ്ധന നടപ്പിലാക്കിയിരുന്നത്. ഈ വർദ്ധന മുൻ വർഷങ്ങളിലെ ജൂലൈ മാസത്തിലെ റീട്ടെയിൽ പ്രൈസ് ഇൻഡക്സ് (ആർ പി ഐ ) അടിസ്ഥാനപ്പെടുത്തി ആയിരുന്നു നടപ്പിലാക്കുക. സാധാരണയുള്ള നിരക്ക് വർദ്ധനവിന്റെ അടിസ്ഥാന ഫോർമുല എന്നത് ആർ പി ഐ യോടൊപ്പം ഒരു ശതമാനം വർദ്ധന എന്നതായിരുന്നു. ഈ വർഷം ജൂൺ മാസത്തിലെ ആർ പി ഐ 11.8 ശതമാനമായിരുന്നു. എന്നാൽ അടുത്ത വർഷത്തെ വർദ്ധന ജൂലൈ മാസത്തിലെ ആർപിഐയെ മാത്രം പരിഗണിച്ചായിരിക്കില്ലെന്ന ഉറപ്പാണ് ഗവൺമെന്റ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ നിരക്ക് വർദ്ധന മാർച്ച് മാസം വരെ നീളാനുള്ള സാധ്യതയുള്ളതായി വിദഗ്ധർ വ്യക്തമാക്കി. 40 വർഷത്തെ ഏറ്റവും ഉയർന്ന ആർ പി ഐ നിരക്കാണ് കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റെഗുലേറ്റഡ് നിരക്കുകളുടെ വർധനവിനെ സംബന്ധിച്ചാണ് ഗവൺമെന്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ ഇംഗ്ലണ്ടിലും വെയിൽസിലും നിയന്ത്രിത ട്രെയിൻ നിരക്കുകളിൽ 3.8 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് 2013 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനവാണ്. സാധാരണഗതിയിൽ എല്ലാ വർഷത്തെയും ആദ്യത്തെ പ്രവർത്തി ദിനത്തിലാണ് റെയിൽ നിരക്ക് വർദ്ധന നടപ്പിലാക്കുക. എന്നാൽ കോവിഡ് ആരംഭിച്ചത് മുതൽ ഈ വർദ്ധന നടപ്പിലാക്കുവാൻ മാർച്ച് മാസം വരെ എടുക്കുന്ന രീതിയാണ് കണ്ടുവരുന്നത്. നോർത്തേൺ അയർലണ്ടിലെ റെയിൽ നിരക്കുകൾ സാധാരണയായി ആർ പി ഐ നിരക്ക് കണക്കിലാക്കിയല്ല വർദ്ധിപ്പിക്കുക. സർക്കാർ ഉടമസ്ഥതയിലുള്ള ഓപ്പറേറ്ററായ ട്രാൻസ്- ലിങ്ക് ആണ് ഈ വർദ്ധന നിയന്ത്രിക്കുന്നത്.

സ്കോട്ടിഷ് ഗവൺമെന്റ് ഇതുവരെയും തങ്ങളുടെ പദ്ധതികൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇംഗ്ലണ്ടിൽ നടക്കുന്ന മാറ്റങ്ങൾ വെയിൽസിലും സാധാരണയായി നടപ്പിലാക്കുകയാണ് പതിവ്. ജീവിത ചെലവുകളുടെ ക്രമാതീതമായ വർദ്ധന ജനത്തിന്മേൽ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് ജനങ്ങളെ സഹായിക്കാനാണ് ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കമെന്ന് ഗതാഗത വകുപ്പ് വക്താവ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. കോവിഡ് മഹാമാരി കാലത്ത്, ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നതിനാൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിരുന്നു. അതോടൊപ്പം തന്നെ ഇപ്പോൾ തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ടതും റെയിൽവേയെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഇത്തരം ഒരു നീക്കം റെയിൽവേയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഗവൺമെന്റ്.