യുകെയില്‍ റെയില്‍ നിരക്കുകള്‍ കൂട്ടുന്നു. റെയില്‍ ഡെലിവറി ഗ്രൂപ്പ് ആണ് ഇത് പ്രഖ്യാപിച്ചത്. ജനുവരി 2 മുതല്‍ 3.1 ശതമാനം വര്‍ദ്ധന നിരക്കുകളില്‍ ഉണ്ടാകും. റെയില്‍ ഗതാഗതത്തില്‍ സാരമായ തടസങ്ങള്‍ നേരിട്ട വര്‍ഷമാണ് കടന്നു പോകുന്നത്. മെയ് മാസത്തില്‍ പുതിയ ടൈംടേബിള്‍ പ്രഖ്യാപിച്ചതോടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. 2018ല്‍ 3.4 ശതമാനം വര്‍ദ്ധനയായിരുന്നു വരുത്തിയത്. ഇത്തവണ അതിലും കുറഞ്ഞ നിരക്കാണെങ്കിലും മാഞ്ചസ്റ്ററില്‍ നിന്ന് ലിവര്‍പൂളിലേക്കുള്ള വാര്‍ഷിക സീസണ്‍ ടിക്കറ്റില്‍ 100 പൗണ്ട് അധികം നല്‍കേണ്ടി വന്നേക്കും. റെയില്‍ വ്യവസായ മേഖല യാത്രക്കാരില്‍ നിന്ന് വര്‍ഷം 10 ബില്യന്‍ പൗണ്ട് നേടുന്നുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോക്കസ് എന്ന സ്വതന്ത്ര വാച്ച്‌ഡോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആന്തണി സ്മിത്ത് പറഞ്ഞു.
അതുകൊണ്ടു തന്നെ പണത്തിന്റെ മൂല്യത്തിനിണങ്ങിയ സേവനം ലഭിക്കാന്‍ യാത്രക്കാര്‍ അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. വെറും 45 ശതമാനം യാത്രക്കാര്‍ മാത്രമാണ് റെയില്‍ സേവനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് ഫോക്കസ് പറയുന്നു. റെയില്‍വേയുടെ കൃത്യനിഷ്ഠ 12 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് വിച്ച് എന്ന കണ്‍സ്യൂമര്‍ ഗ്രൂപ്പിലെ അലക്‌സ് ഹേയ്മാന്‍ പറയുന്നു. പുതിയ നിരക്കു വര്‍ദ്ധന യാത്രക്കാര്‍ക്ക് ദുരിതം മാത്രമേ സമ്മാനിക്കൂ. പുതിയ ഗവണ്‍മെന്റ് റിവ്യൂ യാത്രക്കാരുടെ പണത്തിന് മൂല്യം നല്‍കുന്നതായിരിക്കണം. ട്രെയിനുകള്‍ വൈകുന്നതിനും ക്യാന്‍സലേഷനുകള്‍ക്കും ഓട്ടോമാറ്റിക്കായി നഷ്ടപരിഹാരം നല്‍കുന്ന സമ്പ്രദായം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാത്രക്കാരെ പരിഗണിക്കാതെയുള്ള വര്‍ദ്ധനയാണ് റെയില്‍ ഇന്‍ഡസ്ട്രിയും സര്‍ക്കാരും വരുത്തിയിരിക്കുന്നതെന്നാണ് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആന്‍ഡ് മക്‌ഡൊണാള്‍ഡ് പറഞ്ഞത്. യാത്രക്കാരുടെ മുഖത്തു കിട്ടിയ പ്രഹരമാണെന്നായിരുന്നു ആര്‍എംടി യൂണിയന്‍ ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പ്രതികരിച്ചത്.
Leave a Reply