ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്രിസ്മസിന് മുന്നോടിയായി സമരവുമായി റെയിൽവേ യൂണിയനുകൾ. ഡിസംബർ 13,14, 16,17, ജനുവരി 3,4, 6,7 എന്നിങ്ങനെ തീയതികളിൽ 48 മണിക്കൂറാണ് നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം, ട്രാൻസ്പോർട്ട് വർക്കേഴ്സ് (ആർ എം ടി) പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള വർദ്ധനവ്, തൊഴിൽ സാഹചര്യങ്ങൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം, റയിൽവേ മേഖലയിൽ ഗുരുതര തടസങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ പറയുന്നു. നെറ്റ്‌വർക്ക് റെയിലിലെയും മറ്റ് 14 ട്രെയിൻ കമ്പനികളിലെയും അംഗങ്ങൾ കഴിഞ്ഞ ആഴ്ച പണിമുടക്കിനെ അനുകൂലിച്ചു രംഗത്ത് വന്നതിനു പിന്നാലെയാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

40,000-ത്തിലധികം ആർ‌എം‌ടി അംഗങ്ങൾ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് യൂണിയൻ പറയുന്നത്. ഡിസംബർ 18 മുതൽ ജനുവരി 2 വരെ ഓവർടൈം നിരോധനവും ഉണ്ടായിരിക്കുമെന്ന് ആർഎംടി അറിയിച്ചു, അതായത് മൊത്തം നാലാഴ്ചത്തേക്ക് യൂണിയൻ പണിമുടക്ക് നടത്തും. ക്രിസ്‌മസിന് മുന്നോടിയായി ഡിസംബർ 16, 17 തീയതികളിൽ ലണ്ടനിലും ബർമിംഗ്‌ഹാമിലും നടക്കുന്ന ഹാസ്യനടൻ പീറ്റർ കേയുടെ പ്രകടനങ്ങളും 13, 14, 16 തീയതികളിൽ ഗ്ലാസ്‌ഗോയിൽ നടക്കുന്ന പൗലോ നൂറ്റിനിയുടെ ഗിഗുകളും പോലുള്ള പരിപാടികൾക്കും സമരം മൂലം സാരമായ തടസം നേരിടും. വേതനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡ്രൈവർമാരുടെ അസ്ലെഫ് യൂണിയൻ നവംബർ 26 ശനിയാഴ്ച മറ്റൊരു പണിമുടക്ക് നടത്തുന്നുണ്ട്.

ക്രിസ്തുമസ് കാലയളവിൽ ഇങ്ങനെയൊരു സമരവുമായി മുന്നോട്ട് പോകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. പണിമുടക്കിനെ കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകളിൽ പുരോഗതി ഉണ്ടായതായി നെറ്റ്‌വർക്ക് റെയിലും റെയിൽ ഡെലിവറി ഗ്രൂപ്പും പറയുന്നു. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് യൂണിയന്റേത്. തുടർ ചർച്ചയുടെ ഭാഗമായി വ്യാഴാഴ്ച യൂണിയൻ പ്രധിനിധി ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പറെ കാണും. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.