ദില്ലി: ഒഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, .റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപകടത്തിൽ 275 പേര്‍ മരിച്ചെന്നാണ് ഒഡീഷ സർക്കാർ സ്ഥിരീകരിച്ചത്. മരിച്ചവരിൽ 88 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങൾ ഒഡിഷ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം. ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ ആയിരത്തിലേറെപ്പേരിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറായ 139 ല്‍ വിളിക്കാമെന്ന് റെയില്‍വേ അറിയിച്ചു. പരിക്കേറ്റവരുടെയോ, മരിച്ചവരുടെയോ ബന്ധുക്കള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ തേടാം. ഒഡിഷയിലെത്താനുള്ള ചെലവുകള്‍ റെയില്‍വേ വഹിക്കുമെന്നും റെയില്‍വേ ബോര്‍ഡംഗം ജയ വര്‍മ്മ സിന്‍ഹ അറിയിച്ചു. അതേസമയം, ട്രെയിൻ അപകടം നടന്ന ഒഡിഷയിലെ ബഹനഗ റെയിൽവേ സ്റ്റേഷനിലെ ഒരു കിലോ മീറ്റർ പാളം പുനർനിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പാളം തെറ്റിയ ട്രെയിനുകൾ ഇരു വശത്തേക്കും മാറ്റി.നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.വ്യാഴ്ച്ചയോടെ ഗതാഗതം സാധാരണ നിലയിലാക്കുകയാണ് ലക്ഷ്യം.
	
		

      
      



              
              
              




            
Leave a Reply