രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നു. ചിത്രം: വിബി ജോബ്.
ചെന്നൈ∙ തമിഴക രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി നടൻ രജനികാന്ത്. സ്വന്തം പാർട്ടി രൂപീകരിച്ചു രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നു സ്റ്റൈൽ മന്നൻ അറിയിച്ചു. ആരാധകർ ഏറെനാളായി കാത്തിരുന്ന ആ തീരുമാനം ഇന്നു ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തിൽ വച്ചാണ് രജനി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോൾ മോശം അവസ്ഥയിലാണ്. അതു മാറ്റാൻ ശ്രമിക്കും. സ്ഥാനമാനങ്ങൾ മോഹിക്കുന്നില്ല. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു വർഷം തമിഴ്നാട്ടിൽ സംഭവിച്ച കാര്യങ്ങൾ സംസ്ഥാനത്തെ നാണംകെടുത്തി. ജനങ്ങൾ തമിഴ്നാടിനെ നോക്കി ചിരിക്കുകയാണ്. ഇന്ന് ഞാൻ ഈ തീരുമാനം എടുത്തില്ലെങ്കിൽ ഞാൻ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ആ കുറ്റബോധം എന്നെ വേട്ടയാടും. എല്ലാകാര്യങ്ങളും മാറ്റണം. അതിനുള്ള സമയമാണിത്. നമുക്ക് ഈ സംവിധാനം മാറ്റണം. മികച്ച ഭരണനിർവഹണം കൊണ്ടുവരാനാണു താൻ ആഗ്രഹിക്കുന്നത്.

ആത്മീയതയിൽ ഊന്നിയുള്ള രാഷ്ട്രീയമായിരിക്കും തന്റേത്. അല്ലാതെ ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല. രാജാക്കൻമാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്ന കാലഘട്ടത്തിൽനിന്ന് ഇവരെല്ലാം സ്വന്തം നാടിനെ കൊള്ളയടിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാർ നമ്മളെ കൊള്ളയടിക്കുകയാണ്. സത്യസന്ധത, ജോലി, വളർച്ച എന്നിവയായിരിക്കും നമ്മുടെ പാർട്ടിയുടെ മൂന്നു മന്ത്രങ്ങൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണോ വേണ്ടയോ എന്നു നമുക്ക് ആലോചിക്കാം. സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ 1996ൽത്തന്നെ അതാവാമായിരുന്നു. ജനാധിപത്യം അഴിമതിയിൽ കുളിച്ചിരിക്കുകയാണ്. അതു വൃത്തിയാക്കിയെടുക്കണം. തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തും, രജനി കൂട്ടിച്ചേർത്തു.

രാവിലെ ആരാധക സംഗമത്തിനു കോടമ്പാക്കത്തെ രാഘവേന്ദ്ര ഹാളിലെത്തിയ അദ്ദേഹത്തെ ‘തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രി’ എന്നു വാഴ്ത്തിയാണ് സ്വീകരിച്ചത്. ‘സൂര്യന്റെ ശക്തി പകൽ മാത്രമേയുള്ളൂ, രജനിയുടെ ശക്തി എപ്പേഴുമുണ്ട്’ തുടങ്ങിയ മുദ്രാവാക്യങ്ങളും ആരാധകർ മുഴക്കി.