രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയുമെന്ന് സൂചന നല്‍കി ബൂത്ത് തിരിച്ചുള്ള വോട്ട് കണക്ക്. ഒടുവില്‍ ഉപതെരെഞ്ഞടുപ്പ് നടന്ന രണ്ട് ലോക്സഭ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും ബിജെപി വന്‍ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. പരാജയം ബിജെപി പാളയത്തില്‍ കനത്ത ആശങ്കയുണ്ടാക്കുന്നതായിട്ടാണ് സൂചന. ബൂത്ത് തിരിച്ചുള്ള വോട്ട് കണക്ക് പുറത്തു വന്നപ്പോള്‍ ഒരു ബൂത്തില്‍ ബിജെപി നേടിയത് പൂജ്യം വോട്ട്. മറ്റൊരു ബൂത്തില്‍ ഒന്നും വേറൊരിടത്ത് നേടിയത് രണ്ട് വോട്ട്.
രാജസ്ഥാനിലെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നായ അജ്മീറില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രാജസ്ഥാനില്‍ രണ്ട് ലോകസഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും ജനപ്രതിനിധികള്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരെഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. സഹതാപ തരംഗം സൃഷ്ടിച്ച് തെരെഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ബിജെപിയുടെ ആഗ്രഹത്തിന് കനത്ത തിരിച്ചടി നല്‍കി മൂന്നിടത്തും കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു.
നസീറാബാദ് മണ്ഡലത്തിലെ 223-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 582 വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും ഒരു വോട്ടാണ്. 224ാമത്തെ ബൂത്തില്‍ കോണ്‍ഗ്രസിന് 500 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് വോട്ട് നേടാനെ ബിജെപിക്കായുള്ളു. ഡുദു മണ്ഡലത്തില്‍ അക്ഷരാര്‍ഥത്തില്‍ ബിജെപിക്കെതിരായ തിരഞ്ഞെടുപ്പാണ് നടന്നത്. 49-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 337 വോട്ട് നേടിയപ്പോള്‍ ബിജെപി സംപൂജ്യരായി. 2014 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച അല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് നേടിയത് 2 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ്.
Leave a Reply