രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് രജനികാന്തിനും കമല്‍ ഹാസനും ക്ഷണം. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ നേതാക്കളുമായി വിശദമായി ചര്‍ച്ച നടത്തും. അതേസമയം രാമക്ഷേത്രം നിര്‍മാണം തുടങ്ങിയിട്ടില്ലെന്ന ഒാര്‍മ്മപ്പെടുത്തലുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം തുടങ്ങിയ അണ്ണാഡിഎംകെ നേതാക്കള്‍ക്ക് പുറമേയാണ് രജനികാന്തും സത്യപ്രതിജ്ഞാച്ചടങ്ങിന് എത്തുന്നത്. മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. കെ ചന്ദ്രശേഖര്‍ റാവു, ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും.
ജഗന്‍ മോഹന്‍ റെഡ്ഡിയെ എന്‍ഡിഎയിലെത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്. മന്ത്രിസഭയില്‍ എത്രത്തോളം പ്രാതിനിധ്യം ലഭിക്കുമെന്ന ആശങ്കയിലാണ് സഖ്യകക്ഷികള്‍. ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ ഇടം കിട്ടും. രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. യുഎന്‍ രക്ഷാസമിതിയിലെ സ്ഥാരാംഗങ്ങളായ രാജ്യങ്ങളുടെ തലവന്‍മാര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വിദേശ അതിഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 6 മുതല്‍ 15വരെ നടക്കുമെന്ന് സൂചനകളുണ്ട്. വ്യാഴാഴ്ച്ച രാത്രി ഏഴുമണിക്കാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. വെള്ളിയാഴ്ച്ച ആദ്യ മന്ത്രിസഭായോഗം ചേരും. ഈ യോഗത്തിലാകും ലോക്സഭാ സമ്മേളനത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക. സ്പീക്കര്‍ തിരഞ്ഞെടുപ്പ് 10ന് നടന്നേക്കും. ആദ്യ ദിനം ഇരുസഭകളിലെയും അംഗങ്ങളുടെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.
Leave a Reply