തിരുവനന്തപുരം അമ്പൂരി രാഖി വധക്കേസില്‍ തെളിവെടുപ്പിന് എത്തിച്ച അഖിലിന് നേരെ വന്‍ പ്രതിഷേധം.
നൂറുകണക്കിന് നാട്ടുകാര്‍ പ്രതിക്കെതിരെ പ്രതിഷേധിച്ചു. ഒന്നാം പ്രതി അഖിലിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് വന്‍ പൊലീസ് സന്നാഹത്തിലാണ് തെളിവെടുത്തത്. ഇതിനിടയിൽ പ്രതിക്ക് നേരെ കല്ലേറുണ്ടായി. രാഖിയെ കൊന്ന് കുഴിച്ചിട്ട അമ്പൂരിയിലെ വീട്ടിലും പറമ്പിലുമാണ് തെളിവെടുപ്പ്. തെളിവെടുപ്പ് കാണാനായി സമീപത്തെ വീടുകളുടെ മുകളിലടക്കം വന്‍ജനക്കൂട്ടമാണുള്ളത്.
രാഖിയെ കൊന്ന് കുഴിച്ചുമൂടിയ സ്ഥത്തേക്കാണ് പ്രതിയെ പൊലീസ് ആദ്യം എത്തിച്ചത്. വലിയ പൊലീസ് സന്നാഹത്തിന്റെ നടുവിലായിരുന്നു പ്രതി അഖിൽ. വീടിന് മുകളിലും റോഡിലും കൂടിയ വീട്ടമ്മമാർ അടക്കമുള്ളവർ വലിയ രോഷമാണ് ഉയർത്തിയത്. ഇടയ്ക്ക് പ്രതിയ്ക്ക് േനരെ കല്ലേറ് വരെ നടന്നു.
മറ്റൊരു വിവാഹം കഴിച്ചാല്‍ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്ന് രാഖി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്ന് മുഖ്യപ്രതി അഖിലിന്റെ മൊഴി നൽകിയിരുന്നു. വിവാഹം കഴിച്ചാല്‍ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രാഖി പറഞ്ഞു. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് വകവരുത്താന്‍ തീരുമാനിച്ചതെന്നും അഖില്‍ മൊഴിനല്‍കി.
കൊലപാതകത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും പൊലീസ് അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. അറസ്റ്റിലായ മൂന്നുപ്രതികളെയും കൊണ്ട് ഒരുമിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് രാഖിയുടെ കുടുംബം ആരോപിച്ചു.
പൊലീസിനെ നടുക്കി അഖിലിന്റെ മൊഴി
കഴുത്തിൽ കൊലക്കയർ മുറുകിയപ്പോൾ രാഖി എന്തോ പറയാൻ ശ്രമിച്ചിരുന്നു. ശല്യമാകാതെ ഒഴിഞ്ഞു തരാമെന്നാണോ അവൾ പറഞ്ഞത് എന്ന് പൊലീസുകാർ ചോദിച്ചപ്പോൾ പ്രതി അഖിലിന്റെ മൊഴി ഇങ്ങനെ: ‘കൈവച്ചു പോയില്ലേ, തീർക്കാമെന്നു കരുതി’. അമ്പൂരി രാഖി വധക്കേസിൽ പ്രതികളെ ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്നത് മരവിപ്പിക്കുന്ന ഉത്തരങ്ങളാണ്.
രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്തുനിന്നിരുന്ന ആദർശ് ഇരു ചക്രവാഹനത്തിൽ മടങ്ങി. കുംമ്പിച്ചൽ എന്ന ഭാഗത്തെത്തിയപ്പോൾ കാർ നിർത്തി അഖിൽ പിൻസീറ്റിൽ കയറി. പിന്നീടു രാഹുലാണു കാർ ഓടിച്ചത്. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ ജ്യേഷ്ഠനോടു പറഞ്ഞു.
‘എങ്കിൽ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിനു ‘കൊന്നോളാൻ’ മറുപടി നൽകിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. മുൻ സീറ്റിലിരുന്ന രാഖിയെ പിന്നിൽ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോൾ സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്
കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറിൽ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാർ സ്റ്റേഷനിലെത്തിച്ചത്. കൃത്യത്തിനു സഹായിച്ച അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശി(കണ്ണൻ–23)നെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അഖിലിനെ ഇന്നു രാവിലെ അമ്പൂരി തട്ടാൻമുക്കിലെത്തിക്കും. സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം: പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളു(30)മായി ദീർഘകാല പ്രണയത്തെ തുടർന്നു രഹസ്യമായി വിവാഹം കഴിച്ച അഖിൽ മറ്റൊരു യുവതിയുമായി വിവാഹം തീരുമാനിച്ചതിനെത്തുടർന്നാണു രാഖിയെ ഒഴിവാക്കാൻ തീരുമാനിച്ചത്.
വാങ്ങിയത് ഒരു കടയിലെ ഉപ്പു പായ്ക്കറ്റ് മുഴുവനും
പ്രദേശത്തെ ഒരു കടയിൽ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകൾ മുഴുവൻ വാങ്ങി സംഭരിച്ചെന്ന് അഖിലിന്റെ വെളിപ്പെടുത്തൽ. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖിൽ തന്നെയാണു രാഹുലിനെയും ആദർശിനെയും കൊല നടത്തിയ കാറിൽ തമ്പാനൂരിൽ എത്തിച്ചതെന്നും പൊലീസ് അറിയിച്ചു. അവിടെ നിന്ന് അവർ ദീർഘദൂര സ്വകാര്യ ബസിൽ ഗുരുവായൂർക്കു തിരിച്ചു. തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു.
Leave a Reply