ന്യൂഡല്‍ഹി: ബാബറി മസ്ജിദ് വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സുപ്രീം കോടതി. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനാണ് കോടതിയുടെ ശ്രമം. ബാബറി മസ്ജിദ്, രാമക്ഷേത്രം കേസുകള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാറിന്റെ ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്. ഇതി കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശമാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.
മധ്യസ്ഥതയ്ക്ക് തയ്യാറാണോ എന്ന് കോടതി തന്നെയാണ് ചോദിച്ചത്. മതപരവും വൈകാരികവുമാണ് വിഷയം. അത് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും കഴിയുന്നില്ലെങ്കില്‍ സമ്മതമാണെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നാണ് കോടതി വ്യക്തമാക്കിയത്.
രാമക്ഷേത്ര നിര്‍മാണത്തിന് എത്രയും വേഗം അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി മരവിപ്പിച്ച ശേഷം കേസ് ആറ് വര്‍ഷമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മാര്‍ച്ച് 31ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ സുബ്രഹ്മണ്യം സ്വാമിയോട് കോടതി ആവശ്യപ്പെട്ടു.