നടി അക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ദിലീപിന്റെ പുതിയ ചിത്രം ‘രാമലീല’യെ തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടെന്ന് അതിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ആരോപണം ഉയര്‍ത്തിയിരുന്നു. ജൂലൈ ഏഴിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന് നേരെ അത്തരം ശ്രമങ്ങളുണ്ടോ? സംവിധായകന്‍ അരുണ്‍ ഗോപി പ്രതികരിക്കുന്നു.
ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പേരില്‍ സിനിമ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പക്ഷേ നല്ല സിനിമയെ ഏറ്റെടുക്കാറുള്ള പ്രേക്ഷകരില്‍ ആത്യന്തികമായി വിശ്വാസമുണ്ടെന്നും കരിയറിലെ ആദ്യ ചിത്രവുമായി വരുന്ന അരുണ്‍ പറയുന്നു. അരുണിന്റെ പ്രതികരണത്തിലേക്ക്..

പുതുമുഖ സംവിധായകൻ അരുണിന്റെ വാക്കുകൾ …….
“ജൂലൈ ഏഴിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. നേരത്തേ തീരുമാനിച്ചിരുന്ന റിലീസ് ഡേറ്റാണ് അത്. ഒരു തെറ്റും ചെയ്യാതെ നമ്മള്‍ ഇതിന്റെ പുറകേ പുലിവാല്‍ പിടിച്ച് നടക്കുകയാണ്. അതാണ് സത്യം. എന്ത് ചെയ്യാനാണ്? ഒന്നും ചെയ്യാന്‍ പറ്റില്ല. ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിനിമയെ ബാധിച്ചില്ല എന്ന് പറയാന്‍ പറ്റില്ല. ‘രാമലീല’ എന്ന സിനിമയും ഇപ്പോഴത്തെ സംഭവവികാസങ്ങളും തമ്മില്‍ എന്താണ് ബന്ധം എനിയ്ക്കറിയില്ല. ദിലീപിനെതിരായ ആരോപണങ്ങളൊക്കെത്തന്നെ ഒരു അജണ്ടയുടെ ഭാഗമാണെന്നാണ് ഞാന്‍ കരുതുന്നത്. അതേ അജണ്ടയുടെ ഭാഗമാവാം ഇപ്പോള്‍ ‘രാമലീല’യ്‌ക്കെതിരെയും പ്രവര്‍ത്തിക്കുന്നത്. പക്ഷേ നമുക്കെന്തുചെയ്യാന്‍ പറ്റും?
ഈ സിനിമ പൂര്‍ണതയിലേക്കെത്തിക്കാന്‍ എത്രയോ നാളത്തെ പരിശ്രമവും അധ്വാനവുമുണ്ട്. പിന്നെ സാക്ഷരരായ, പ്രബുദ്ധതയുള്ള സമൂഹമല്ലേ നമ്മുടേത്? പകലും രാത്രിയും തിരിച്ചറിയാന്‍ കഴിവുള്ളവരല്ലേ അവര്‍? ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ എന്റെ നാലര വര്‍ഷത്തെ പരിശ്രമമുണ്ട് ഈ സിനിമയ്ക്ക് പിന്നില്‍. ജൂലൈ ഏഴ് എന്ന റിലീസ് ഡേറ്റ് മാത്രമേ ആളുകള്‍ കാണൂ. പക്ഷേ ആ ഒരു വെള്ളിയാഴ്ചയ്ക്കുവേണ്ടി നാലര വര്‍ഷത്തെ കഷ്ടപ്പാടും കാത്തിരിപ്പുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ഒരു ഇഷ്യുവിന്റെ പേരില്‍ ‘രാമലീല’ എന്ന സിനിമ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ദിലീപേട്ടന്റെ ഭാഗത്തുനിന്നും ഞാന്‍ ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. നമ്മള്‍ ഇത്രയും പ്രതിസന്ധി നേരിടുമ്പോള്‍ അദ്ദേഹം എത്രത്തോളം സമ്മര്‍ദ്ദമാവും നേരിടുന്നുണ്ടാവുക എന്ന്. എന്നെ എത്രയോ പേരാണ് ഇക്കാര്യങ്ങള്‍ ചോദിക്കാനായി വിളിക്കുന്നത്. എന്താണ് എന്താണ് എന്ന് ചോദിച്ച് വെറുതേ വിളിക്കുകയാണ്. ഇവരോടൊക്കെ എന്ത് മറുപടി പറയാനാണ്? വിളിക്കുന്നവര്‍ക്കൊക്കെയറിയാം ഈ പുറത്തുവരുന്നതൊക്കെ ആരോ മെനയുന്ന കഥകളാണെന്ന്. പക്ഷേ നമ്മളെ ഇടയ്ക്കിടെ വിളിച്ച് ടെന്‍ഷനടിപ്പിക്കുമ്പോള്‍ അവര്‍ക്കൊരു രസം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എനിയ്ക്ക് പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ പ്രേക്ഷകരിലാണ്. സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ തീയേറ്ററില്‍ പോയി കാണും എന്ന പ്രതീക്ഷ. ഒരു നല്ല സിനിമ ചെയ്യാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. അത് കണ്ടിട്ട് നല്ലതാണോ മോശമാണോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. നല്ല സിനിമയാണെങ്കില്‍ അവര്‍ ഒപ്പമുണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ. ഇത്തരം കാര്യങ്ങളൊന്നും ഇഷ്ടസിനിമയെ ‘ഏറ്റെടുക്കുന്ന’ പ്രേക്ഷകരുടെ ശീലത്തിന് തടസ്സമാവില്ലെന്നും കരുതുന്നു. ഭൂരിപക്ഷം പ്രേക്ഷകരും യഥാര്‍ഥ സിനിമയെ സ്‌നേഹിക്കുന്നവരാണെന്നാണ് എന്റെ വിശ്വാസം..” അരുണ്‍ പറഞ്ഞവസാനിപ്പിക്കുന്നു.
സംവിധായകന്‍ കെ.മധുവിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ അരുണ്‍ പിന്നീട് പല സംവിധായകര്‍ക്കുമൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ‘രാമലീല’യുടെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് മുംബൈയിലാണ് ഇപ്പോള്‍ അദ്ദേഹം. ‘ലയണി’ന് ശേഷം ദിലീപ് എംഎല്‍എയുടെ വേഷത്തിലെത്തുന്ന ‘രാമലീല’ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ്. ‘പുലിമുരുകന്’ ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയുമാണ് ഇത്. സച്ചിയുടെ തിരക്കഥ. പ്രയാഗ മാര്‍ട്ടിനാണ് നായിക. രാധികാ ശരത്കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാജികുമാര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.