കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയിലേയ്ക്ക്. സംവിധായകനുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് തിരക്കഥ തിരകെ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. തിരക്കഥ നല്‍കി നാലുവര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്നും എം ടി ഹര്‍ജിയില്‍ പറയുന്നു.
താന്‍ വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഈ ആത്മാര്‍ഥത ചിത്രത്തിന്റെ അണിയറക്കാര്‍ കാണിച്ചില്ലെന്നും എം.ടി പറഞ്ഞു. സിനിമയുടെ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ ആണ്. നിര്‍മാതാവ് ബി.ആര്‍ ഷെട്ടിയും. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ നിര്‍മാതാവ് അറിയിച്ചിരുന്നത്. ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം ടിയുടെ വിഖ്യാതമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. നാല് വര്‍ഷം മുമ്പാണ് ചര്‍ച്ചകള്‍ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയത്. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ നീട്ടിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ തുടക്കം ഉണ്ടായില്ല. ഇതോടെയാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. ഇതോടെ രണ്ടാമൂഴം പുതിയ പ്രതിസന്ധിയിലേക്ക് എത്തുകയാണ്. പ്രധാനകഥാപാത്രമായ ഭീമസേനനെ മോഹന്‍ലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്. ഇതിനിടെ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ബി ആര്‍ ഷെട്ടി പിന്‍വാങ്ങുമെന്നും സൂചനയുണ്ട്.
മഹാഭാരത് എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. ഒടിയന്‍ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് എംടിയുടെ പിന്മാറ്റം. ഇനി കോടതിയാകും സിനിമയുടെ കാര്യത്തില്‍ തീരുമാനം എടുക്കുക. അതിനിടെ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം തിരിച്ചു നല്‍കിയാല്‍ എടുക്കാന്‍ തയ്യാറായി മറ്റ് വന്‍കിട കമ്പനികള്‍ തയ്യാറാകുന്നതായും സൂചനയുണ്ട്.
1977ല്‍ ഒരു നവംബര്‍ മാസത്തില്‍ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂര്‍ത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം ടി നേരത്തെ വിശദീകരിച്ചിരുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തില്‍ സര്‍ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്. അതുകൊണ്ട് കൂടിയാണ് എംടിയുടെ എക്കാലത്തേയും മികച്ച നോവല്‍ സിനിമയാകുന്നതിനെ പ്രതീക്ഷയോടെ മലയാളികള്‍ കണ്ടത്. ഈ സിനിമയുമായി മുന്നോട്ട് പോകവേ ശ്രീകുമാര്‍ മേനോന്‍ ഏറെ വിവാദങ്ങളില്‍ പെട്ടിരുന്നു. ശ്രീകുമാര്‍ മേനോന്റെ പുഷ് കമ്പനി പാപ്പര്‍ സ്യൂട്ടും നല്‍കി. ഇതെല്ലാം പലവിധ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും ശ്രീകുമാര്‍ മേനോന്‍ സജീവമായിരുന്നു. തന്നെ കേസില്‍ കുടുക്കിയത് ശ്രീകുമാര്‍ മേനോന്റെ പകയായിരുന്നുവെന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. അങ്ങനെ ഏറെ വിവാദങ്ങളില്‍പ്പെട്ട ശ്രീകുമാര്‍ മേനോനെതിരെയാണ് എംടി നിയമപോരാട്ടത്തിന് ഇറങ്ങുന്നത്.
ശ്രീകുമാര്‍ മേനോന്റെ ആദ്യ ചിത്രമായ ഒടിയന്‍ ഡിസംബറില്‍ റിലീസാകും. വലിയ പ്രതീക്ഷകളാണ് ഒടിയനില്‍ ശ്രീകുമാര്‍ മേനോനുള്ളത്. അതിന് ശേഷം രണ്ടാമൂഴത്തിലേക്ക് കടക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് നിയമകുരുക്കുകള്‍ എത്തുന്നത്. എംടിയോടുള്ള ആരാധന കാരണമാണ് ബി ആര്‍ ഷെട്ടി ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. വലിയ സാമ്പത്തിക ബാധ്യതയാകും ഈ സിനിമയെന്ന് അറിഞ്ഞു കൊണ്ടായിരുന്നു നടപടി.
Leave a Reply