മരണത്തിൽ ദുരൂഹതയെ തുടർന്ന് യുവാവിന്റെ മൃതദേഹം ഒക്ടോബര്‍ 28നാണ്  കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിവളപ്പില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്. തലച്ചോറിന്റെ സ്ഥാനത്ത് കണ്ടെത്തിയ നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ സംഘം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചീഫ് ഫോറന്‍സിക് സര്‍ജന്‍ രഞ്ജു രവീന്ദ്രന്‍, കെഎ അന്‍വര്‍, ഐശ്വര്യ റാണി എന്നിവരാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മെഡിക്കല്‍ ടീമിലുണ്ടായിരുന്നത്. കഴിഞ്ഞ തിരുവോണ നാളിലാണ് മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോ മോനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേദിവസം കാണാതായ സിന്‍ജോയെ വീടിന് സമീപത്തെ കുളത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം കുളത്തിൽ ഇരിക്കുന്ന നിലയിലായിരുന്നു . സിന്‍ജോയുടെ മരണത്തെക്കുറിച്ച് തുടക്കംമുതലേ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു സിന്‍ജോയുടെ മൃതദേഹം ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീങ്ങിയിരുന്നില്ല. സിന്‍ജോയുടെ ബന്ധുക്കളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ