ബിഷപ് ഫ്രാങ്കോ മുളക്കലിനെ ജലന്തര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താത്ക്കാലികമായി നീക്കി. മുംബൈ മുൻ സഹായമെത്രാൻ റവ. ആഗ്നെലോ റുഫീനോ ഗ്രേഷ്യസിനാണ് ചുമതല. കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യംചെയ്യലിനു ഹാജരാകാനുള്ള പൊലീസിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ബിഷപ്പ് ഭരണച്ചുമതലകൾ ഒഴിഞ്ഞിരുന്നു. വികാരി ജനറൽ മോൺ.മാത്യു കോക്കണ്ടത്തിനാണു പകരം ചുമതലയും നൽകിയിരുന്നു.
അതേസമയം പീഡനക്കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതായാണ് സൂചന. അറസ്റ്റ് എപ്പോൾ വേണമെന്ന കാര്യത്തിൽ പൊലീസ് തലപ്പത്ത് ചർച്ചകൾ നടക്കുകയാണ്. മുഖ്യമന്ത്രി തിരിച്ചെത്തുന്ന തിയതിയും കണക്കിലെടുത്താകും തീരുമാനം. അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചന ഡിജിപി ലോക്നാഥ് ബെഹ്റ പങ്കുവെച്ചിരുന്നു.
അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ഡിജിപി പറഞ്ഞിരുന്നു. തൃപ്പൂണിത്തുറയിലെ അത്യാധുനിക സംവിധാനങ്ങളുള്ള മുറിയിൽ രണ്ടാംദിവസും ചോദ്യം ചെയ്യൽ തുടരുകയാണ്. കുണ്ടന്നൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് അകമ്പടിയോടെയാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തിയത്. ആദ്യ ദിനത്തിലെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മറുപടി തൃപ്തികരമല്ല എന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് അനിവാര്യമെന്നും കോടതി അത് തടഞ്ഞിട്ടില്ല എന്നതുമാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാക്കുന്നത്.
ബിഷപ്പിന്റെ ഇന്നലത്തെ മറുപടികളെ പ്രതിരോധിച്ചു കൊണ്ട് തെളിവുകൾ ചൂണ്ടിക്കാട്ടിയായിരിക്കും ഇന്നത്തെ നടപടികൾ. ഇതിൽ ബിഷപ്പിന്റെ മറുപടി പ്രധാനമാണ്. ഇന്നലത്തെ അദ്ദേഹത്തിന്റെ തന്നെ വാദങ്ങളെ ഖണ്ഡിക്കാൻ പാകത്തിൽ തെളിവുകളെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർ ഇന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നതോടെ ബിഷപ് പ്രതിരോധത്തിലാകുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. പിന്നെ വൈകാതെ അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം അറസ്റ്റ് സമയം സംബന്ധിച്ച കാര്യത്തിൽ പൊലീസ് മേധാവി അടക്കമുള്ളവരുടെ നിലപാട് പ്രധാനമാണ്. രാവിലെ 10.50നാണ് കൊച്ചി മരടിലെ നോട്ടലിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറയിലെ ചോദ്യംചെയ്യൽ കേന്ദ്രത്തിലേയ്ക്ക് പുറപ്പെട്ടത്. KL39E 9977 നമ്പറിലുള്ള വാഹനത്തിന്റെ പിൻസീറ്റിലാണ് ബിഷപ്പും ജലന്തർ രൂപതയിലെ പി ആർ ഒ ഫാദർ പീറ്റർ കാവുംപുറവും.
മുൻ സീറ്റിൽ മറ്റൊരു വൈദികനും ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. പൊലീസ് ജീപ്പിന്റെ അകമ്പടിയിൽ കുണ്ടന്നൂരിൽ നിന്നും പുറപ്പെട്ട ബിഷപ്പും സംഘവും കൃത്യം പതിനൊന്ന് മണിക്ക് തന്നെ സ്ഥലത്തെത്തി. ഉടൻ തന്നെ ചോദ്യം ചെയ്യൽ മുറിയിലേയ്ക്ക് പ്രവേശിച്ച ബിഷപ്പിനെ കോട്ടയം എസ് പി ഹരിശങ്കറും വൈക്കം dysp കെ.സുഭാഷും അടങ്ങുന്ന അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അതിന് മുന്നോടിയായി പൊലീസ് ഉന്നതർ യോഗം ചേർന്നിരുന്നു.
Leave a Reply