ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്‍കി വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ പൊലീസില്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.തോമസ് താന്നിനില്‍ക്കും തടത്തിലാണ് വൈക്കം കോടതിയില്‍ കീഴടങ്ങിയത്. ബ്രിട്ടനില്‍ സ്ഥിര താമസമാക്കിയ ബംഗ്ലാദേശ് യുവതിയാണ് വൈദികനെതിരെ പീഡനാരോപണവുമായി രംഗത്ത് വന്നത്. വൈദികനെ പാലാ രൂപത ഇന്നലെ പുറത്താക്കിയിരുന്നു.

ബംഗ്ലാദേശില്‍ ജനിച്ച് ബ്രിട്ടണില്‍ താമസിക്കുന്ന 42 വയസ്സുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതി. കടുത്തുരുത്തി പോലീസിനാണ് പരാതി ലഭിച്ചത്. വൈദികന്റെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞ മാസം ഏഴിനാണ് യുവതി സുഹൃത്തുമൊത്ത് കല്ലറയില്‍ എത്തിയത്. കല്ലറയില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചും പല സ്ഥലങ്ങളില്‍ കൊണ്ടുപോയും തന്നെ പീഡിപ്പിച്ചതായി യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

16,000 രൂപയും ഏഴരപ്പവനോളം സ്വര്‍ണ്ണവും വൈദികന്‍ തട്ടിയെടുത്തതായും പരാതിയില്‍ യുവതി വ്യക്തമാക്കി. കുമരകത്തെ റിസോര്‍ട്ടില്‍ കുളിക്കാന്‍ കയറിയപ്പോള്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം വൈദികന്‍ മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ ബഹളം വെച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വൈദികനെ വിളിച്ചെങ്കിലും ഉടന്‍ വരാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.